hospital

ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ ഉന്നമനത്തിനും ആശുപത്രിയുടെ വികസനത്തിനുമായി സ്ഥാപിതമായ ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) യോഗം ചേരാതായിട്ട് എട്ട് വർഷം. പൊതുപ്രവർത്തകരെ ഒഴിവാക്കി എച്ച്.ഡി.എസിന്റെ ദൈനംദിന കാര്യങ്ങൾ ഉദ്യോഗസ്ഥർ കൈയടക്കിയതിന്റെ ഫലമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. വർഷങ്ങളുടെ കണക്ക് ബോധിപ്പിക്കാതെ ഫണ്ട് ധൂർത്തടിക്കുന്നുവെന്ന ആരോപണമാണ് മറ്റൊരു വിഭാഗം ഉയർത്തുന്നത്.

എല്ലാ മാസവും എക്‌സിക്യുട്ടീവ് കമ്മിറ്റിയും മൂന്ന് മാസത്തിലൊരിക്കൽ ജനറൽ ബോഡിയും ചേരണമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ, കഴിഞ്ഞ 8 വർഷമായി ഇതൊന്നും നടക്കുന്നില്ല. നിലവിൽ എച്ച്.ഡി.എസ് ജീവനക്കാരാണ് യോഗം ചേരുന്നത്. എച്ച്.ഡി.എസിന് ബാങ്ക് ബാലൻസായി കോടികളുണ്ടെന്നാണ് സൂചന. ലാബുകൾ, സ്‌കാനിംഗ് സെന്ററുകൾ, പാർക്കിംഗ് പിരിവ് ഉൾപ്പെടെ വിവിധ സംരംഭങ്ങളിലൂടെയാണ് വരുമാനം. എന്നാൽ, ഇതിന്റെ കണക്കൊന്നും കൃത്യമായി അവതരിപ്പിക്കുന്നില്ലെന്നാണ് ആക്ഷേപം. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നപേരിൽ ആൾക്കാരെ അനധികൃതമായി തിരുകിക്കയറ്റുന്നതായും ആരോപണമുണ്ട്.

വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയോ, വരവ് ചെലവുകൾ പരിശോധിക്കുകയോ ചെയ്യാറില്ല. ഇതുവരെ കമ്മിറ്റി പുന:സംഘടിപ്പിച്ചിട്ടുമില്ല. മെഡിക്കൽ കോളേജ് പേയിംഗ് കൗണ്ടറുകളുടെ പ്രവർത്തനവും തകിടം മറിഞ്ഞ അവസ്ഥയിലാണ്. മാസം രണ്ട് കോടിയിലധികം രൂപയുടെ വിറ്റുവരവ് ഉണ്ടായിരുന്ന പേയിംഗ് കൗണ്ടറിലെ വിൽപ്പന കഴിഞ്ഞ കുറച്ചു കാലമായി 90 ലക്ഷത്തിലേയ്ക്ക് മൂക്കുകുത്തി. അതേസമയം, കഴിഞ്ഞ 8 വർഷമായി നടന്നിട്ടുള്ള എല്ലാ നിയമനങ്ങളും പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എച്ച്.ഡി.എസ് ഫണ്ട് വിനിയോഗിച്ചതിന്റെ രേഖകൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.