തിരുവനന്തപുരം: 1978 ൽ കെ. നാരായണൻ സംവിധാനം ചെയ്‌ത ബീന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്. ഗാനരംഗത്തിൽ ജയഭാരതിയാണ് നായിക. തുടക്കക്കാരൻ നടന് ടെൻഷൻ. അന്നത്തെ ഒന്നാംനിര നായികയ്‌ക്കൊപ്പമാണ് 'നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം...' എന്ന പ്രണയഗാനം പാടി അഭിനയിക്കേണ്ടത്.
നടന്റെ പരിഭ്രമം കാരണം പല തവണ സംവിധായകൻ കട്ട് പറഞ്ഞപ്പോൾ നായിക തന്നെ നടന് ധൈര്യം കൊടുത്തു. സത്താർ എന്ന നടന്റെ മൂന്നാമത്തെ ചിത്രമായിരുന്നു അത്. അതേ ജയഭാരതി പിന്നീട് സത്താറിന്റെ ഭാര്യയായപ്പോൾ സിനിമാലോകം മൂക്കത്ത് വിരൽവച്ചു. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ട സത്താർ ഇന്നലെ മരണത്തിലേക്കു പിൻവാങ്ങിയപ്പോൾ ഓർമ്മയായത്, പുതിയ കാലത്തിന്റെ നായകനായി സിനിമാലോകം ഒരിക്കൽ വാഴ്‌ത്തിയ നടനാണ്.
സോമൻ, സുകുമാരൻ, ജയൻ... അക്കാലത്തെ മുൻനിര നായകർക്കൊപ്പം സത്താറും മത്സരിച്ചഭിനയിച്ചു. അടിമക്കച്ചവടം, ലാവ, ശരപഞ്ജരം... തിരക്കേറിത്തുടങ്ങിയ കാലത്തു തന്നെ സത്താർ ജയഭാരതിയുടെ നായകനായി. പത്മതീർത്ഥം, അവർ ജീവിക്കുന്നു, കൊടുമുടികൾ... നിരവധി ചിത്രങ്ങളിൽ ഒരുമിച്ചു. 1979 ൽ സിനിമാലോകത്തെ ഞെട്ടിച്ചായിരുന്നു കോളിളക്കമുണ്ടാക്കിയ ആ വിവാഹം.
സിനിമയിൽ ഭാഗ്യദോഷം സത്താറിനെ പിന്തുടർന്നത് പെട്ടെന്നായിരുന്നു. നായകനിൽ നിന്ന് ഉപനായകനായും പ്രതിനായകനായും മാറ്റം. യൂസഫലി കേച്ചേരി സംവിധാനം ചെയ്ത നീലത്താമരയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. മലയാളത്തിൽ ചല സിനിമകൾ നിർമ്മിച്ചെങ്കിലും പലതും പരാജയത്തിൽ കലാശിച്ചത് വ്യക്തിജീവിതത്തിലും പ്രതിഫലിച്ചു. ജയഭാരതിയുമായുള്ള വേർപിരിയലിലാണ് അത് അവസാനിച്ചത്.
അന്നു തോന്നിയ ചില വാശിയും ഈഗോയുമെല്ലാം ചേർന്നപ്പോൾ അതു സംഭവിച്ചു എന്നാണ് പിന്നീട് സത്താർ ഇതേക്കുറിച്ച് പറഞ്ഞത്.
സുഹൃത്തും നടനുമായ രതീഷിന്റെ മരണം സത്താറിന് വലിയ ആഘാതമായിരുന്നു. ''രതീഷ് പോയതോടെ സിനിമയോട് എനിക്കുള്ള താത്പര്യം നഷ്ടപ്പെട്ടു. അമ്മയുടെ മീറ്റിംഗിനു പോകാൻ പോലും മടിയായി''- വർഷങ്ങൾക്കു മുമ്പ് സത്താർ ഒരു അഭിമുഖത്തിൽ പറഞ്ഞു. ''സിനിമയിൽ ചെറിയ വേഷങ്ങളിൽ ഞാൻ ഒതുങ്ങിപ്പോയത് അദ്ധ്വാനിക്കാനുള്ള മടി കൊണ്ടാണ്. മമ്മൂട്ടിയും മോഹൻലാലുമെല്ലാം എനിക്കു ശേഷം സിനിമയിൽ വന്നവരാണ്. അഭിനയത്തോടു പുലർത്തിയ അർപ്പണബോധമാണ് അവരെ ഉയരങ്ങളിലെത്തിച്ചത്.'' ഇതായിരുന്നു സത്താറിന്റെ നിരീക്ഷണം.
ഒടുവിൽ 22 ഫീമെയിൽ കോട്ടയത്തിലെ ഡി.കെയിലൂടെ മടങ്ങിയെത്തിയെങ്കിലും അധികം വൈകാതെ സത്താറിനെ കരൾ രോഗം കീഴടക്കി. ഒടുവിൽ 67-ാം വയസിൽ മരണവും.