memu-
പുതിയ മെമു ട്രെയിൻ

തിരുവനന്തപുരം: കൊല്ലത്തുനിന്ന് കോട്ടയംവഴിയും ആലപ്പുഴ വഴിയും പുതിയ മെമു (മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ) ട്രെയിനുകൾ വന്നപ്പോൾ മുൻപ് സർവീസ് നടത്തിയിരുന്ന മെമുവിനെ ചെന്നൈയിലേക്ക് കൊണ്ടുപോയി. പുതിയതും പഴയതും ചേർന്ന് യാത്രാക്ളേശത്തിന് പരിഹാരമാകുമെന്ന് യാത്രക്കാർ കരുതിയിരിക്കുമ്പോഴാണ് പഴയതിനെ ചെന്നൈയിലേക്ക് കൊണ്ടുപോയത്. അതോടെ യാത്രക്ളേശം അതേപ്പടി തുടരുമെന്ന് ഉറപ്പായി.

അതേസമയം, അറ്റകുറ്റപ്പണിക്കുവേണ്ടിയാണ് പഴയ മെമുവിനെ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് കൊണ്ടുപോയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, അറ്റകുറ്റപ്പണി കഴിഞ്ഞ് മെമു ഇവിടേക്കുതന്നെ തിരിച്ചുവരുമോ എന്ന് ആർക്കും ഉറപ്പില്ല. മുമ്പും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതുകൊണ്ടാണ് അത്തരമൊരു സംശയം ഉയരുന്നത്. പ്രതിഷേധം ഉയരുമ്പോൾ മാത്രമാണ് ഇതുപോലെ കൊണ്ടുപോയവയൊക്കെ തിരികെ കൊണ്ടുവരാറുള്ളത്. കൊല്ലം- കന്യാകുമാരി മെമു ഇത്തരത്തിൽ അറ്റകുറ്റപ്പണിക്ക് ശേഷം മടങ്ങി വന്നത് പാർലമെന്റ് അംഗങ്ങൾ സമ്മർദ്ദം ചെലുത്തിയതിന് ശേഷമാണ്. അറ്റകുറ്റപ്പണിയെന്ന പേരിൽ ചെന്നൈയിലേക്ക് കൊണ്ടുപോകുന്ന മെമുവിന് പകരം പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കേരളത്തിൽ ആദ്യമായി മെമു സർവീസുകൾ ആരംഭിച്ചത് 2012 ലായിരുന്നു. പെട്ടെന്ന് വേഗത കൈവരിക്കാവുന്ന മെമു ട്രെയിനുകൾ അധികം വൈകാതെ തന്നെ ജനപ്രീതിയാർജ്ജിച്ചു. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് മെമുവിന് പ്രത്യേകതകൾ പലതാണ്. സാധാരണ ട്രെയിനുകളെക്കാൾ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ മെമുവിനാകും. 612 പേർക്ക് ഇരുന്നും 1400 പേർക്ക് നിന്നും മെമുവിൽ യാത്ര ചെയ്യാനാകും. യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ മെമു -ഡെമു ട്രെയിനുകൾ തിരുവനന്തപുരം ഡിവിഷന് കീഴിൽ തുടങ്ങണമെന്നാണ് ആവശ്യം.

ചെന്നൈയിലേക്ക് കൊണ്ടുപോയ മെമു ഉടൻ തിരികെയെത്തുമെന്നാണ് അറിയുന്നത്. പതിനെട്ടു മാസങ്ങൾ കൂടുമ്പോൾ ഇത്തരം അറ്റകുറ്റപ്പണി സാധാരണമാണ്. അറ്റകുറ്റപ്പണിക്ക് മുൻപ് ഉണ്ടായതു പോലുള്ള കാലതാമസം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ഇപ്പോൾ എട്ടു കോച്ചുകളിൽ സർവീസ് നടത്തുന്ന രണ്ട് മെമു ട്രെയിനുകൾ പന്ത്രണ്ട് കോച്ചുകൾ ഉള്ള ട്രെയിനുകളാക്കി മാറ്റും. അതിൽ ഒരെണ്ണം അടുത്ത ആഴ്ച മുതൽ തിരുവനന്തപുരം -കൊല്ലം റൂട്ടിലും മറ്റേത് എറണാകുളത്തേക്കും അനുവദിച്ചിട്ടുണ്ട്.

റെയിൽവേ ഡിവിഷണൽ ഓപ്പറേഷൻ മാനേജർ