
തിരുവനന്തപുരം: തകരാറിലായ പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണത്തിന് 19 കോടി രൂപ വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക നിഗമനം. നിലവിലെ പാലത്തിന്റെ ഫൗണ്ടേഷന് സാരമായ തകരാറില്ലെന്നാണ് മെട്രോമാൻ ഇ. ശ്രീധരന്റെയും മദ്രാസ് ഐ.ഐ.ടിയുടെയും റിപ്പോർട്ട്. പിയറുകൾക്കും പിയർക്യാപ്പിനുമാണ് തകരാറ്.
ഒരു വർഷത്തിനുള്ളിൽ പുനർനിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ബ്രിഡ്‌ജസ് വിഭാഗത്തിനാവും മേൽനോട്ടം. പാലത്തിന്റെ പുതിയ ഡിസൈൻ ഇ. ശ്രീധരൻ തയ്യാറാക്കിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കിയ ശേഷമാവും അന്തിമതീരുമാനം.
47 കോടിയുടെ എസ്റ്രിമേറ്റിലാണ് 750 മീറ്റർ നീളമുള്ള പാലത്തിന്റെ പണി തുടങ്ങിയതെങ്കിലും 39 കോടിയാണ് ചെലവായത്. ആരോപണങ്ങൾക്ക് വിധേയമാവാത്ത ഒരു കമ്പനിയെ പുനർനിർമ്മാണം ഏല്പിക്കണമെന്നാണ് മരാമത്ത് വകുപ്പിന്റെ താത്പര്യം.
ആശ്വാസും പ്രതീക്ഷയും പിരിച്ചുവിടുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ കമ്പനികളായ ആശ്വാസും പ്രതീക്ഷയും പിരിച്ചുവിടാനുള്ള നടപടികൾ പൂർത്തിയാവുന്നു. ഇതിന്റെ മുന്നോടിയായി രണ്ട് സ്ഥാപനങ്ങളുടെയും എം.ഡിമാരെ നേരത്തേ നീക്കിയിരുന്നു. സ്ഥാപനങ്ങളുടെ ആസ്തിബാദ്ധ്യതകൾ കണക്കാക്കി വരികയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് രണ്ട് കമ്പനികളും രൂപീകരിച്ചത്. പ്രധാനപ്പെട്ട പാതകളുടെ ഓരത്ത് ടോയ്ലെറ്റ് സജ്ജമാക്കുകയായിരുന്നു ആശ്വാസ് കമ്പനിയുടെ ലക്ഷ്യം. വിവിധ കേന്ദ്രങ്ങളിൽ വെയിറ്റിഗ് ഷെഡ്ഡുകൾ തീർക്കലായിരുന്നു പ്രതീക്ഷ കമ്പനിയുടെ ദൗത്യം. എം.എൽ.എ ഫണ്ടായിരുന്നു രണ്ട് കമ്പനികളുടെയും സാമ്പത്തിക സ്രോതസ്. വിവിധ ജില്ലകളിലായി 88 പദ്ധതികളാണ് പ്രതീക്ഷ കമ്പനി പൂർത്തിയാക്കിയത്. നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ചുമരുകളിൽ പരസ്യം പതിച്ച് വരുമാനമുണ്ടാക്കാനായിരുന്നു പദ്ധതിയെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ല. സ്ഥാപനങ്ങളുടെ വരവ് - ചെലവ് കണക്കുകളും കൃത്യമായിരുന്നില്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നാലു മാസം മുമ്പ് രണ്ട് കമ്പനികളും പിരിച്ചുവിടാൻ തീരുമാനിച്ചത്.
റിക്കിന്റെ (റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡ്) എം.ഡിക്കാണ് പകരം ചുമതല നൽകിയിരുന്നത്.
മരാമത്ത് വകുപ്പിന് ഇനി
നാല് കമ്പനികൾ
റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി
കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻസ് കോർപറേഷൻ
റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ
കേരള റോഡ് ഫണ്ട് ബോർഡ്