കോവളം: സ്വന്തമായി വീടോ വസ്തുവോ ഇല്ല. താമസിക്കുന്ന വീടിന്റെ വാടക പോലും കൊടുക്കാൻ കഴിയാതെ തളർന്ന മനസുമായി മകൾ റംസീനയുടെ ജീവനുവേണ്ടി കേണപേക്ഷിക്കുകയാണ് അബ്ദുൾറഷീദ്.വിഴിഞ്ഞം ടൗൺഷിപ്പ് കോളനി ഹൗസ് നമ്പർ 431 ലെ അബ്ദുൾ റഷീദിന്റെയും ഭാര്യ ഷഹബാനത്തിന്റെയും മൂന്നുമക്കളിൽ രണ്ടാമത്തെ മകളാണ് റംസീന (10). ജന്മനാ വൃക്കയുടെ പ്രവർത്തനക്കുറവും മൂത്രനാളി, മൂത്രസഞ്ചി എന്നിവയിലുള്ള ഘടനാപരമായ വൈകല്യങ്ങൾ കൊണ്ടും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. അസുഖം കാരണം ജനിച്ചപ്പോൾമുതൽ നിയന്ത്രണമില്ലാതെ മൂത്രം പോകും. പഠിക്കാനുള്ള അവളുടെ മോഹത്തിന് ഇതെല്ലാം വിലങ്ങുതടിയായി. ചൊവ്വര മാധവ വിലാസം യു.പി.എസിലെ അദ്ധ്യാപകരാണ് ഇവൾക്ക് കൈത്താങ്ങ്. മകളുടെ ചികിത്സയ്ക്കും പ്രാഥമിക ആവശ്യങ്ങൾക്കും മറ്റും ദിനംപ്രതി വലിയ തുക ചെലവാകുന്നുണ്ട്. വൃക്ക മാറ്റിവച്ചാൽ മാത്രമേ ഇനി ജീവിതത്തിലേക്ക് മടങ്ങിവരാനാകൂ എന്നാണ് റംസീനയെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ അസുഖം കാരണം കടലിൽ പണിക്ക് പോലും പോകാനാകാത്ത അബ്ദുൾറഷീദിനെയും മൂന്ന് മക്കളെയും സംരക്ഷിക്കുന്നത് ഹൃദയത്തിന് അസുഖമുള്ള ഭാര്യ ഷഹബാനത്താണ്. ഈ സ്ഥിതിയിൽ മകളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുക എന്നത് ഇവർക്ക് തികച്ചും വെല്ലുവിളിയാണ്.
ഇതിനിടെ തങ്ങളുടെ വൃക്ക മകൾക്ക് നൽകാൻ മാതാപിതാക്കൾ തയ്യാറായെങ്കിലും പരിശോധനയിൽ പര്യാപ്തമല്ലെന്ന് കണ്ടെത്തി.
വൃക്കയ്ക്കും ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവാകുമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനുള്ള ഭീമമായ തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബം. റംസീനയെ സഹായിക്കുന്നതിനായി സഹപാഠികൾ കൈകോർത്ത് കനറാ ബാങ്കിന്റെ വിഴിഞ്ഞം ശാഖയിൽ റംസീനയുടെയും മാതാവ് ഷഹബാനത്തിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ- 3474101005575 ഐ.എഫ്.എസ്.ഇ കോഡ്: CNRB0003474 ഫോൺ: ഷഹബാനത്ത് - 6238094172 .