pscPSC

തിരുവനന്തപുരം: വിവിധ പരീക്ഷകൾക്കായി ചോദ്യ ബാങ്ക് രൂപീകരണം പി.എസ്.സി വീണ്ടും പരിഗണിക്കും. പി.എസ്.സി പരീക്ഷകളുടെ ചോദ്യപേപ്പർ മലയാളത്തിലാക്കുമ്പോൾ രഹസ്യസ്വഭാവം നഷ്ടമാകുമെന്ന ആശങ്ക ഒഴിവാക്കുകയാണ് ലക്ഷ്യം

പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർക്കുന്ന വൈസ് ചാൻസലർമാരുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും. മലയാളം സർവകലാശാലയെ ചോദ്യ ബാങ്ക് തയ്യാറാക്കലിന്റെ നോഡ‌ൽ ഏജൻസിയാക്കാനും മറ്റു സർവകലാശാലകൾക്ക് വിവിധ വിഷയങ്ങളുടെ ചുമതല നൽകാനുമാണ് ആലോചന. കുസാറ്റ്, ആരോഗ്യ സർവകലാശാലകൾക്കായിരിക്കും ശാസ്ത്ര, സാങ്കേതിക വിഭാഗം ചോദ്യങ്ങൾക്കുള്ള ചുമതല. മോണിട്ടറിംഗ് കമ്മിറ്റിയും രൂപീകരിക്കും.

സർവകലാശാലകളുടെയും ഭാഷാവിദഗ്ദ്ധരുടെയും ചുമതലയിൽ ശില്പശാലകൾ നടത്തി പരിശീലനം നൽകി പത്ത് ലക്ഷത്തിലേറെ ചോദ്യങ്ങളുള്ള വിപുലമായ ചോദ്യബാങ്ക് തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ചെലവും പ്രയോഗ സാധുതയും പരിശോധിച്ച ശേഷമാവും അന്തിമ തീരുമാനം..

ചോദ്യബാങ്കിന്

തുടക്കം 2016ൽ

പി.എസ്.സി 2016ൽ ചോദ്യബാങ്കിന് തുടക്കമിട്ടിരുന്നു. 50 അദ്ധ്യാപകരെ പങ്കെടുപ്പിച്ച് വർക്ക്ഷോപ്പ് നടത്തി ചോദ്യബാങ്കിന്റെ പ്രാരംഭഘട്ടത്തിന് രൂപം നൽകി. ഏഴാം ക്ലാസ്, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ഡിഗ്രി യോഗ്യതകളിലുള്ള പരീക്ഷകൾക്കാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. ഉത്തരങ്ങൾ മാറാവുന്നതും മാറാത്തതും, അണ്ടർസ്റ്റാൻഡിംഗ്, ആപ്ലിക്കേഷൻ, ഇൻഫർമേറ്റിവ് എന്നീ ശേഷികൾ പരിശോധിക്കാൻ പര്യാപ്തവുമായ വിശദമായ ചോദ്യബാങ്കാണ് തയ്യാറാക്കിയത്. ചോദ്യങ്ങൾ കമ്പ്യൂട്ടറൈസ് ചെയ്യുകയും നിർദ്ദേശം നൽകുന്ന മുറയ്ക്ക് മറുപടി കിട്ടുകയും ചെയ്യുന്ന തരത്തിലുള്ള സെർവർ ഒരുക്കാനും തീരുമാനിച്ചു. പക്ഷേ, തുടർ നടപടികൾ നിലച്ചു.

ചോദ്യബാങ്കിന്റെ

മെച്ചങ്ങൾ

 രഹസ്യസ്വഭാവം നിലനിൽക്കും; ചോർച്ച സാദ്ധ്യതയില്ല

വിവിധ തസ്തികകളിലേക്കുള്ള ലക്ഷക്കണക്കിന് ചോദ്യങ്ങൾ എപ്പോഴും തയ്യാർ

സർവകലാശാലാ പരീക്ഷകളുടെ മാതൃകയിൽ ചോദ്യപേപ്പറുകളുടെ മോണിട്ടറിംഗ്

 വിദഗ്ദ്ധ അദ്ധ്യാപകർ തയ്യാറാക്കുന്ന ചോദ്യങ്ങൾ കൂട്ടായ വിലയിരുത്തലുകൾക്കു ശേഷം ചോദ്യബാങ്കിൽ അപ് ലോഡ‌് ചെയ്യും

 വിവിധ പരീക്ഷകൾക്കുള്ള ചോദ്യങ്ങൾ ചോദ്യബാങ്കിൽ നിന്ന് തിരഞ്ഞെടുക്കുന്നതിനാൽ ചോദ്യങ്ങളിൽ പിഴവുകൾ കടന്നുകൂടുന്നത് ഒഴിവാക്കാം.