ബാലരാമപുരം: നീർത്തടസംരക്ഷണം പേരിലൊതുങ്ങിയതോടെ പല നീരുറവകളും അകാല ചരമം പ്രാപിച്ചു. അത്തരമൊരു നീർക്കുളമാണ് ബാലരാമപുരം പഞ്ചായത്ത് മണലി വാർഡിലെ പരുത്തിമഠം കാഞ്ഞിരംകുളം ജലസംഭരണി.നാശോന്മുഖമായ ഈ കുളം സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെ നടപടി ആയില്ല.നീർത്തടങ്ങൾ സംരക്ഷിക്കാൻ കയർഫെഡുമായി ചേർന്ന് മൂന്ന് വർഷം മുമ്പ് പദ്ധതി ആവിഷ്കരിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല. വർഷങ്ങൾ പഴക്കമുള്ള കാഞ്ഞിരംകുളം പ്രദേശത്തെ പ്രധാന ജലസ്ത്രോതസാണ്. കടുത്ത ജലക്ഷാമം നേരിടുന്ന വേനൽക്കാലത്ത് ഈ കുളത്തിൽ നിന്നുള്ള ഉറവയാണ് പ്രദേശത്തെ കിണറുകളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നത്.എന്നാൽ കാടുകയറിയും വശങ്ങൾ ഇടിഞ്ഞുവീണും കുളം നശിക്കുകയാണ്.
കുളത്തിന്റെ സൈഡ് ഭിത്തിയും ഇടിയാൻ തുടങ്ങിയതോടെ പരുത്തിമഠം റസിഡൻസ് അസോസിയേഷൻ ബാലരാമപുരം പഞ്ചായത്തിൽ പരാതി അറിയിച്ചിട്ടുണ്ട്. കർഷക അഭിവൃദ്ധിക്കായി പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച കുളം നാശമായി. ഒരു വർഷം മുമ്പ് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കുളം നവീകരിച്ചെങ്കിലും വീണ്ടും കാട് കയറി. ഓടയിൽ നിന്നും കുളത്തിലേക്ക് മലിനജലം ഒഴുകുന്നത് തടയാൻ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മാണം നടത്തിയെങ്കിലും നീരൊഴുക്ക് നിർബാധം തുടരുകയാണ്. കുളം അടിയന്തരമായി നവീകരിച്ച് ജലസ്ത്രോതസ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാഴക്കർഷകരും രംഗത്തെത്തിയിട്ടുണ്ട്. ആറാലുംമൂട് വാട്ടർ അതോറിട്ടിയിൽ നിന്നുമാണ് പരുത്തിമഠം ഭാഗത്തേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നത്. ദേശീയപാതയുടെ നിർമ്മാണങ്ങൾ നടക്കുന്നതിനാൽ പൈപ്പ്ലൈൻ അടിക്കടി പൊട്ടി കുടിവെള്ള പാഴാകുന്നതായും ആക്ഷേപമുണ്ട്.