തിരുവനന്തപുരം : റോഡ് അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് നിയമക്കുരുക്ക് ഉണ്ടാകില്ലെന്നും സർക്കാർ രക്ഷാപ്രവർത്തകർക്ക് ഒപ്പമായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്താകമാനം അപകടത്തിൽപ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലൻസ് പദ്ധതിയായ കനിവ് 108ന്റെ സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാനും ആശുപത്രിയിലെത്തിക്കാനും പലരും തയ്യാറാകാത്തത് തുടർന്നുള്ള കുരുക്കുകൾ ഭയന്നാണ്. ഇനി മുതൽ പൊലീസിന്റെ ഭാഗത്തു നിന്നുൾപ്പെടെ രക്ഷാപ്രവർത്തകർക്ക് അനുകൂലമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സീസൺ കണക്കിലെടുത്ത് എറണാകുളം മുതലിങ്ങോട്ടുള്ള ജില്ലകളിലാണ് കനിവ് 108 ആദ്യം നടപ്പിലാക്കുന്നതെന്നും നവംബർ ഒന്നിന് മുമ്പ് എല്ലാ ആംബുലൻസുകളും നിരത്തിലിറക്കുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ ഷർമ്മിള മേരി ജോസഫ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി തുടങ്ങിയവർ പങ്കെടുത്തു.