മുടപുരം: മുന്നൂറ് വർഷം പഴക്കമുള്ള കിഴുവിലം കാട്ടുമുറക്കൽ ആറിന് മുകളിലൂടെയുള്ള കല്ലുപാലത്തിന്റെ കരിങ്കൽപാളി ഇളകി ആറ്റിൽ വീണു. ഇന്നലെ രാവിലെ 7 ഒാടെയാണ് കരിങ്കൽപാളി ഇളകി വീണത്. കാലപ്പഴക്കം കൊണ്ടാണ് പാലത്തിന്റെ മദ്ധ്യഭാഗത്തു നിന്നും ഒരു കരിങ്കൽ പാളി ഇളകിയതെന്ന് കരുതുന്നു. കോരാണി - ചിറയിൻകീഴ് റോഡിൽ നിലവിലുള്ള കോൺക്രീറ്റ് പാലം വരുന്നതിനു മുൻപ് നാട്ടുകാരുടെ സഞ്ചാരപാതയായിരുന്നു ഈ പാലം. കൊല്ലവർഷം 1108 ൽ സമീപത്തെ ശങ്കരനാരായണ അണ നിർമ്മിച്ച കാലഘട്ടത്തിലാണ് ഈ കല്ല് പാലവും നിർമ്മിച്ചതെന്ന് ഇതിന് സമീപം താമസിക്കുന്ന സാഹിത്യകാരനും നോവലിസ്റ്റുമായ ചിറയിൻകീഴ് സലാം പറയുന്നു. കാൽനടയാത്ര മാത്രമല്ല ഒറ്റ - ഇരട്ടക്കാളവണ്ടികളും ഈ പാലത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്. ചരക്ക് കയറ്റിയ കാള വണ്ടികൾ പാലമെത്തുന്നതിനു മുൻപ് കാളകളെ അഴിച്ചുമാറ്റി ഉരുട്ടിക്കൊണ്ടാണ് പോയിരുന്നത്. നിത്യഹരിത നായകൻ പ്രേംനസീറിനെ കബറടക്കിയിട്ടുള്ള കാട്ടുമുറക്കൽ പള്ളിക്ക് സമീപമാണ് കല്ലുപാലം. കരിങ്കൽ തൂണുകൾക്ക് മുകളിൽ കരിങ്കൽ പാളികൾ ഉറപ്പിച്ചാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. കുമ്മായ ചാന്ത് ഉപയോഗിച്ച് കെട്ടിയ കരിങ്കല്ലുകളും ഇവിടെയുണ്ട്. ഒട്ടേറെ വെള്ളപ്പൊക്കങ്ങൾ ഉണ്ടായിട്ടും ഇതിന് ക്ഷതം സംഭവിച്ചിരുന്നില്ല. കരിങ്കൽ തൂണുകൾക്ക് ഒന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ ഇതിനെ പുതുക്കി പണിത് പുരാവസ്തുവായി സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.