വിഴിഞ്ഞം: കടൽക്ഷോഭത്തിൽ തകർന്ന പഴയ വാർഫിനു സമീപത്തെ ചുറ്റുമതിൽ ഉൾപ്പെടെ രണ്ടു പുലിമുട്ടുകളും ബലപ്പെടുത്തും. ഇതിനായി 1311 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അധികൃതർ പറഞ്ഞു. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറായിവരുന്നു. സാങ്കേതികാനുമതി ലഭിച്ചാൽ രണ്ടു മാസത്തിനുള്ളിൽ നിർമാണം തുടങ്ങും.
ഓഖിയിലും കടൽക്ഷോഭത്തിലും തകർന്ന വാർഫുകളെയാണ് പുനരുദ്ധരിക്കുന്നത്. രണ്ടു വാർഫുകളെയും ടെട്രാപോഡുകൾ നിക്ഷേപിച്ച് ബലപ്പെടുത്തുന്നതാണ് പദ്ധതി.
വാർഫുകളുടെ സുരക്ഷയെക്കുറിച്ച് ജനുവരി 23ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.
കസ്റ്റംസ് ഓഫീസും തുറമുഖ വകുപ്പിന്റെ കീഴിലുള്ള പോർട്ട് ഓഫീസും സ്ഥിതി ചെയ്യുന്നതിന് പിറകിലെ പഴയ വാർഫിന്റെ മതിൽ എട്ടുവർഷങ്ങൾക്ക് മുൻപ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി നിർമ്മിച്ചതാണ്. എന്നാൽ ഇത് തകർന്നതോടെ ഇതുവഴി ഇപ്പോൾ ആർക്കും കടന്നുകയറാമെന്ന അവസ്ഥയായി. ഇവിടെ മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ്. രണ്ട് വർഷം മുൻപ് പോർട്ട് ഉദ്യോഗസ്ഥരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. രാത്രിയിൽ മാലിന്യങ്ങൾ കൊണ്ടു തള്ളുന്നതായും പരാതിയുണ്ട്. കൂടാതെ വലിയ കടപ്പുറത്തിനു സമീപത്തെ മതിലിന്റെ ഭാഗങ്ങളും തകർന്ന നിലയിലാണ്. ചുറ്റുമതിൽ നിർമ്മിച്ചിരുന്നുവെങ്കിലും ഗേറ്റ് പൂട്ടാറില്ലായിരുന്നു. വാർഫിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
സഞ്ചാരികൾ അടുക്കുന്ന തീരം
വിനോദ സഞ്ചാരികളുമായി കപ്പലുകൾ അടുക്കുന്നത് ഈ വാർഫിലാണ്. തീരസൗന്ദര്യം ആസ്വദിക്കാൻ ഇവിടെ എത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷവും സുരക്ഷയില്ലായ്മയുമാണ്. മാലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചരക്കുകൾ കയറ്റി അയയ്ക്കുന്നതും ഈ വാർഫിൽ നിന്നാണ്. ഇവിടെ എമിഗ്രേഷൻ ഓഫീസ് പ്രവർത്തനം തുടങ്ങുന്നതിനുള്ള നപടികൾ അവസാന ഘട്ടത്തിലാണ്.
തുക അനുവദിച്ചിരിക്കുന്നത്
പഴയ വാർഫായ ലീവേർഡിനു 837 ലക്ഷം
സീവേർഡിനു 474 ലക്ഷം രൂപ
സീവേർഡിൽ നിക്ഷേപിക്കുന്ന ടെട്രാപോഡുകൾ 1300
ലീവേർഡിൽ 2300 ടെട്രാപോഡുകൾ
പ്രതികരണം
''ചുറ്റുമതിൽ പുനഃസ്ഥാപിക്കുന്നതിനും പുലിമുട്ടിനുണ്ടായ കേടുപാടുകൾ തീർക്കുന്നതിനും മതിൽ തകർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ അധികൃതർക്ക് വിശദമായ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു. ഇപ്പോഴാണ് ഭരണാനുമതി ലഭിച്ചത്''
-- ഹാർബർ എൻജിനിയറിംഗ് വകുപ്പ് അധികൃതർ