2

വിഴിഞ്ഞം: തുരുമ്പ് കയറി നശിച്ചമാലിന്യ സംസ്കരണ യൂണിറ്റിന് ഇനി പുതുജീവൻ. മേൽക്കൂര തുരുമ്പ് പിടിക്കാതിരിക്കാൻ കപ്പലിൽ ഉപയോഗിക്കുന്ന തരം ഷീറ്റുകളാവും ഉപയോഗിക്കുക. പദ്ധതിക്കായി സ്ഥാപിച്ച കെട്ടിടത്തിന് കോൺക്രീറ്റ് തൂണുകളാണ് നിർമ്മിക്കുന്നത്. ഇരുമ്പ് ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തുരുമ്പിച്ച് നശിച്ചതു സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പുതിയ മേൽക്കൂരയ്ക്കും മറ്റുമായി 10 ലക്ഷം രൂപയാണ് ചെലവ്. 2017ൽ വിഴിഞ്ഞം മതിപ്പുറത്ത് ആരംഭിച്ച പദ്ധതി മേയർ വി.കെ. പ്രശാന്താണ് ഉദ്ഘാടനം ചെയ്തത്. അദാനി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് വിഴിഞ്ഞം ഇൻസ്പെക്ഷൻ ബംഗ്ലാവിനു സമീപം മാലിന്യ സംസ്കരണ ബിന്നുകൾ സ്ഥാപിച്ചത്. വിഴിഞ്ഞം തീരദേശ മേഖലകളിൽ കോട്ടപ്പുറം വിഴിഞ്ഞം ചന്ത, മതിപ്പുറം എന്നിവിടങ്ങളിലായി 25 ബിന്നുകളാണ് സ്ഥാപിച്ചത്. ഇതിൽ മതിപ്പുറത്തേത് ആരും തിരിഞ്ഞുനോക്കാത്ത നിലയിലാണ്. മറ്റുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. ഇപ്പോൾ അദാനി ഗ്രൂപ്പ് നിർമ്മാണം പൂർത്തിയാക്കി നഗരസഭയ്ക്ക് കൈമാറുന്ന ഇവിടെ രണ്ട് ജീവനക്കാരെ നിയമിക്കുന്നതിനും നടത്തിപ്പിനുമുള്ള ചുമതല നഗരസഭയ്ക്കാണ്.