madhu

ആര്യനാട്: തലയ്ക്ക് പിന്നിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ഉഴമലയ്ക്കൽ മരങ്ങാട് മുമ്പാല ചിറയിൽ വീട്ടിൽ പ്രസാദ് (35) മരിച്ച സംഭവത്തിൽ ബന്ധുവിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദിന്റെ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ ഭർത്താവ് മരങ്ങാട് ചിറ്റയത്ത് കോണത്ത് മേക്കുംകര പുത്തൻവീട്ടിൽ മധു (41) ആണ് അറസ്റ്റിലായത്. പ്രസാദ് മരിച്ചനിലയിൽ കാണപ്പെട്ട ദിവസം ഇയാൾ പ്രസാദിന്റെ വീട്ടിൽ വന്നിരുന്നു. പ്രസാദിന്റെ ഭാര്യ വിനിതയുടെ പരാതിപ്രകാരം ഇക്കഴിഞ്ഞ 7ന് രാത്രി പൊലീസ് പ്രസാദിന്റെ വീട്ടിൽ എത്തുകയും വിവരം തിരക്കുകയും ചെയ്തിരുന്നു. തുടർന്ന് വീണ്ടും പൊലീസ് എത്തുമ്പോൾ നിലത്ത് കിടക്കുകയായിരുന്ന പ്രസാദിനെ പൊലീസ് തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും 8ന് വൈകിട്ടോടെ മരിച്ചു. വിനിതയുടെ പിതാവിനെ പ്രസാദ് അടിക്കാൻ ശ്രമിക്കുന്നതിനിടെ മധു വിറകെടുത്ത് പ്രസാദിന്റെ തലയ്ക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.