പാറശാല: ആശുപത്രിയിൽ ചികിത്സ തേടി ടാക്സി കാറിൽ എത്തിയ വികലാംഗയെയും വാഹനത്തിന്റെ ഡ്രൈവറെയും പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ചേർന്ന് മർദ്ദിക്കുകയും യാത്രക്കാരെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
പെർമിറ്റുള്ള ടാക്സിയിലെത്തിയ രോഗിയും ഇരുകാലിനും സ്വാധീനമില്ലാത്ത വികലാംഗയുമായ യാത്രക്കാരി പാറശാല ചെങ്കവിളക്ക് സമീപം അടയ്ക്കാക്കുഴി കിഴക്കേ പുത്തൻവീട്ടിൽ ലൂക്കോസിന്റെ മകൾ സുജാത (20),കാർ ഡ്രൈവറും ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പാറശാല സോണിന്റെ ജോയിന്റ് സെക്രട്ടറിയുമായ അയിര പുഴുക്കാട് പുത്തൻവീട്ടിൽ എ.വിജിൽ (38) എന്നിവർക്കാണ് മർദ്ദനമേറ്റത്. കാറിനുള്ളിൽ തടഞ്ഞ് വച്ചിരുന്ന വികലാംഗയെയും ഡ്രൈവറെയും വികലാംഗയ്ക്ക് സഹായിയായി എത്തിയ ഡ്രൈവറുടെ ഭാര്യ അഞ്ചുവിനെയും പാറശാല പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.
സുജാത പാറശാല താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കണ്ട ശേഷം മടങ്ങവെ വ്യാജ പെർമിറ്റ് വാഹനത്തിന്റെ ഒരു ഡ്രൈവർ ഓടിയെത്തി ഇവരെ അസഭ്യം പറഞ്ഞ ശേഷം മർദ്ദിക്കുകയായിരുന്നു.
തുടർന്ന് വിവരം അറിഞ്ഞെത്തിയ മറ്റ് വ്യാജ ടാക്സി ഡ്രൈവർമാരും സംഭവത്തിൽ പങ്കുചേർന്നു.
സുജാത, ഡ്രൈവർ വിജിൽ എന്നിവരെ പാറശാല താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. സംഭവത്തിൽ മർദ്ദനമേറ്റതായി പറയുന്ന വ്യാജ പെർമിറ്റ് വാഹന ഉടമ രജിത്തും പാറശാല ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
പെർമിറ്റ് ഇല്ലാത്ത ടാക്സികൾക്കും അവയുടെ ഡ്രൈവർമാർക്കും എതിരെ കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കളക്ടർ, ആർ.ടി.ഒ, പൊലീസ് എന്നിവർക്ക് പരാതി സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പെർമിറ്റില്ലാത്ത പല ടാക്സികളും പൊലീസ് പിടിച്ചെടുത്തു. തുടർന്നുള്ള മുൻ വൈരാഗ്യമാണ് സംഭവങ്ങൾക്ക് പിന്നെലെന്നാണ് ജനസംസാരം. സംഭവത്തിൽ പ്രതിഷേധിച്ച് കേരള ടാസ്‌കി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പാറശാല പൊലീസിന് പരാതി നൽകി.