തിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ കേസിൽ രണ്ടാംപ്രതി പി.പി.പ്രണവ്, നാലാം പ്രതി ഡി.സഫീർ എന്നിവരെ 20 ന് ഉച്ചയ്ക്ക് ഒന്നു വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ വിശദമായി ചോദ്യംചെയ്ത് തെളിവെടുപ്പ് നടത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. പ്രതികളുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും.
കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശിവരഞ്ജിത്ത്, 28-ാം റാങ്കുകാരൻ നസീം, ഇവർക്ക് ഉത്തരങ്ങളയച്ച എസ്.എ.പിയിലെ പൊലീസുകാരൻ ഗോകുൽ എന്നിവരാണ് മറ്റു പ്രതികൾ. പ്രണവാണ് തട്ടിപ്പിന്റെ ആസൂത്രകനെന്നാണ് കൂട്ടുപ്രതികളുടെ മൊഴി. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ചോദ്യപേപ്പർ ചോർത്തിയെടുത്ത്, സഫീറും ഗോകുലും ചേർന്ന് ഉത്തരങ്ങൾ എസ്.എം.എസ് ആയി മറ്റു പ്രതികൾക്ക് അയയ്ക്കുകയായിരുന്നു.
പ്രണവ് ഏർപ്പെടുത്തിയ വിദ്യാർത്ഥിയാണ് കോളേജിൽ നിന്ന് ചോദ്യപേപ്പർ പുറത്തെത്തിച്ചത് എന്നാണ് ഗോകുലിന്റെ മൊഴി. ഇതാരാണെന്ന് പ്രണവിനെ ചോദ്യംചെയ്ത് കണ്ടെത്താനുണ്ട്. മൊബൈൽ ഫോണുമായി കണക്ട് ചെയ്ത സ്‌മാർട്ട് വാച്ചിൽ എസ്.എം.എസുകൾ സ്വീകരിച്ച് പ്രതികൾ ഉത്തരമെഴുതിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തട്ടിപ്പിന് ഉപയോഗിച്ച മൊബൈലുകളും സ്‌മാർട്ട് വാച്ചുകളും കണ്ടെത്തണം.
ഉത്തരങ്ങൾ എസ്.എം.എസ് ആയി സ്വീകരിക്കാൻ പ്രണവ് രണ്ട് സ്‌മാർട്ട് വാച്ചുകൾ വാങ്ങിയതായി നസീം മൊഴി നൽകിയിട്ടുണ്ട്. തന്റെ പക്കൽ നേരത്തേ സ്‌മാർട്ട് വാച്ച് ഉണ്ടായിരുന്നെന്നാണ് ശിവരഞ്ജിത്തിന്റെ മൊഴി. ഇവ കണ്ടെടുത്താലേ സൈബർ ഫോറൻസിക് പരിശോധനയിലൂടെ എസ്.എം.എസുകൾ വീണ്ടെടുക്കാനാവൂ. തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ നമ്പറുകൾ പി.എസ്.സി ചെയർമാൻ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയതോടെയാണ് പ്രതികൾ തെളിവുനശിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
പരീക്ഷാദിവസം ഉച്ചയ്ക്ക് 1.32 മുതൽ 2.02 വരെയുള്ള സമയത്ത് 29 എസ്.എം.എസുകളാണ് ഗോകുലിന്റെ മൊബൈലിൽ നിന്ന് രണ്ടാംറാങ്കുകാരനായ പ്രണവിനു ലഭിച്ചത്. 29 സന്ദേശങ്ങളിലായി എത്ര ഉത്തരങ്ങൾ കൈമാറിയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തേണ്ടതുണ്ട്. ഇതേക്കുറിച്ച് പ്രണവിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും.