ബാലരാമപുരം: ദേശീയപാതയിൽ ബാലരാമപുരം ജംഗ്ഷനിൽ രാജകുമാരി ടെക്സ്റ്റൈൽസിന് സമീപം മിനിലോറിയുടെ ടയർ കയറിയിറങ്ങി സ്വർണവ്യാപാരിയുടെ കാൽവിരലുകൾക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവം. ബാലരാമപുരം കണ്ണൻ ജുവലറി ഉടമ തുമ്പോട്ടുകോണം കുഴിവിളാകത്ത് വീട്ടിൽ സുബ്ബയ്യൻ ആചാരിക്കാണ് (72) പരിക്കേറ്റത്. ഗതാഗതക്കുരുക്കിൽപ്പെട്ട മിനിലോറി ഡ്രൈവർ റോഡ് മുറിച്ചുകടക്കുകയായിരുന്ന സുബ്ബയ്യൻ ആചാരിയെ കാണാതെ ലോറി മുന്നോട്ടെടുത്തപ്പോൾ ഇദ്ദേഹത്തിന്റെ കാലുകൾ ടയറിന് അടിയിൽ പെടുകയായിരുന്നു. സുബ്ബയ്യൻ ആചാരി വേദനകൊണ്ട് നിലവിളിച്ചപ്പോഴാണ് അപകടത്തെക്കുറിച്ച് ഡ്രൈവർ അറിഞ്ഞത്. ഉടൻ തന്നെ കണ്ണൻ ജുവലറിയിലെ ജീവനക്കാരെത്തി സുബ്ബയ്യനെ ആറാലുംമൂട് നിംസിലെത്തിച്ചു. കാലിന്റെ രണ്ട് വിരലുകൾക്ക് ഗുരുതര പൊട്ടലും ഞരമ്പുകൾക്ക് ക്ഷതവും സംഭവിച്ചതിനെ തുടർന്ന് സുബ്ബയ്യനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. വിവരമറിഞ്ഞ് മകൻ കണ്ണനും ആശുപത്രിയിലെത്തിയിരുന്നു. ബാലരാമപുരം പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു.