india-cricket
india cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20
ഇന്ന് മൊഹാലിയിൽ

മൊഹാലി : ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന ആദ്യ ട്വന്റി 20 മഴയെടുത്തതിനാൽ ഇന്ന് മൊഹാലിയിൽ നടക്കുന്ന രണ്ടാം ട്വന്റി 20 യോടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ മത്സരങ്ങൾക്ക് തുടക്കമാകും. ആദ്യമത്സരം ടോസിടാൻ പോലും അനുവദിക്കാതെ അവസാനിപ്പിച്ച മഴ മൊഹാലിയിൽ ശല്യമുണ്ടാക്കില്ല എന്നാണ് കാലാവസ്ഥാറിപ്പോർട്ടുകൾ.

അടുത്തകൊല്ലം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഇരുടീമുകൾക്കും ഇൗ പരമ്പര. ലോകകപ്പ് മുൻനിറുത്തി പുതിയ താരങ്ങളെ പരീക്ഷിക്കാനും പരുവപ്പെടുത്തിയെടുക്കാനുമാണ് ഇന്നത്തേടക്കം ലോകകപ്പിനുമുമ്പുള്ള 29 ട്വന്റി 20 കളിൽ ശ്രമിക്കുന്നതെന്ന് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി പറഞ്ഞുകഴിഞ്ഞു. ഇൗവർഷം ഇംഗ്ളണ്ടിൽ നടന്ന ഏകദിന ലോകകതിൽ സെമിഫൈനലിൽ തോൽക്കേണ്ടിവന്നതിന്റെ വേദന സ്വന്തം നാട്ടിലെ ട്വന്റി 20 ലോകകപ്പ് നേട്ടത്തിലൂടെ മറികടക്കാനുള്ള വാശിയിലാണ് വിരാട് കൊഹ്‌ലിയും സംഘവും.

വിൻഡീസിൽ നടന്ന ട്വന്റി 20 പരമ്പര സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യൻ ടീം ഹോംസീസണിന് തുടക്കം കുറിക്കാനെത്തുന്നത്. വിൻഡീസ് പര്യടനത്തിൽ കാര്യമായൊന്നും ചെയ്യാൻ കഴിയാതിരുന്ന ശിഖർ ധവാൻ, ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ട കെ.എൽ. രാഹുൽ, അനാവശ്യ ഷോട്ടുകളിലൂടെ പുറത്താകുന്നത് പതിവാക്കിയ ഋഷഭ് പന്ത്, നവാഗതരായ നവ്ദീപ് സെയ്‌‌നി, രാഹുൽ ചഹർ, ദീപക് ചഹർ, ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്ന വാഷിംഗ്ടൺ സുന്ദർ തുടങ്ങിയവർക്കൊക്കെ നിർണായകമാണ് ഇൗ പരമ്പര.

ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ധവാന് വിൻഡീസിൽ ട്വന്റി 20 യിലും ഏകദിനത്തിലും അവസരം നൽകിയെങ്കിലും ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് മൊഹാലിയിൽ രോഹിതിനൊപ്പം ഒാപ്പണിംഗിനെത്തുക ധവാനായിരിക്കും. ധവാന് അവസരമില്ലെങ്കിൽ മാത്രമേ കെ.എൽ. രാഹുലിന് കളിക്കാനാകൂ. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവരിൽ ഒരാൾക്കും മദ്ധ്യനിരയിൽ കളിക്കാൻ അവസരം ലഭിക്കും. പേസ് ബൗളിംഗ് ആൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് ഇന്ത്യയ്ക്ക് കരുത്തേകുന്ന മറ്റൊരു ഘടകം. ഹാർദ്ദിക്കിന്റെ സഹോദരൻ ക്രുനാലും ഇന്ത്യൻ ടീമിലുണ്ടാകും. രാഹുൽ-ദീപക് ചഹർ ദ്വയവും കളിക്കാൻ ഇറങ്ങിയേക്കും. സ്ഥിരം സ്പിന്നർമാരായ കുൽദീപ് യാദവിനും യുസ്‌വേന്ദ്ര ചഹലിനും പരമ്പരയിൽ ഇന്ത്യ വിശ്രമം നൽകിയിട്ടുണ്ട്. രാഹുൽ ചഹർ, രവീന്ദ്ര ജഡേജ, ക്രുനാൽ പാണ്ഡ്യ എന്നിവർക്കാകും സ്പിൻ ബൗളിംഗിന്റെ ചുമതല. നവാഗതരായ നവ്ദീപ് സെയ്നിയും രാഹുൽ ചഹറുമാകും പേസ് ബൗളിംഗിന് ചുക്കാൻ പിടിക്കുക.

യുവ നിരയുമായാണ് ദക്ഷിണാഫ്രിക്ക കുട്ടിക്രിക്കറ്റിൽ പോരിനിറങ്ങുന്നത്. വിക്കറ്റ് കീപ്പറായ ക്വിന്റൺ ഡികോക്കാണ് നായകൻ. കാഗിസോ റബാദ, ഡേവിഡ് മില്ലർ, പെഹ്‌ലുക്ക് വായോ എന്നിവർ മാത്രമാണ് ടീമിൽ പരിചയ സമ്പന്നരെന്ന് പറയാവുന്നത്. ദക്ഷിണാഫ്രിക്ക എ ടീമിനായി കാര്യവട്ടത്ത് ഏകദിനങ്ങൾ കളിച്ച് മികവ് കാട്ടിയ ടെംപ ബൗമ, ലിൻഡെ, ഫോർച്യൂൺ, ജൂനിയർ ഡാല, ആൻറിച്ച് നോർജേ തുടങ്ങിയവർ ട്വന്റി 20 ടീമിലുണ്ട്.

മൂന്ന് വീതം ട്വന്റി 20 കളുടെയും ടെസ്റ്റുകളുടെയും പരമ്പരയ്ക്കാണ് ദക്ഷിണാഫ്രിക്ക എത്തിയിരിക്കുന്നത്.

ഫിയർലെസ് ആകാം, കെയർലെസ് ആകരുത്

സാക്ഷാൽ മഹേന്ദ്രസിംഗ് ധോണിക്ക് പകരക്കാരനായി മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനാകാൻ ചെറിയ പ്രായത്തിൽത്തന്നെ ഇന്ത്യൻ സെലക്ടർമാർ കണ്ടെത്തിയ താരമാണ് ഋഷഭ് പന്ത്. ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കരുത്തുറ്റ ബൗളർമാരെ നിർഭയം അടിച്ചുപറത്തുന്ന ബാറ്റിംഗ് ശൈലിയാണ് പന്തിനെ സെലക്ടർമാരുടെ കണ്ണിലുണ്ണിയാക്കിയത്. വിൻഡീസ് പര്യടനത്തിൽ ധോണി മാറിനിന്നപ്പോൾ സാഹ തിരിച്ചുവന്നിട്ടുകൂടി ഒരവസരംപോലും നൽകാതെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ചത് ഋഷഭ് പന്തിനെയാണ്. എന്നാൽ ഇത്രയും അവസരങ്ങൾ ലഭിച്ചത് പന്തിന് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇപ്പോൾ.

വിൻഡീസ് പര്യടനത്തിലെ മത്സരങ്ങളിൽ പന്ത് അധികം സ്കോർ ചെയ്യാത്തതല്ല വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ച് പുറത്താകുന്നത് പതിവാക്കിയതോടെ കോച്ച് രവിശാസ്ത്രിതന്നെ പരസ്യമായി പന്തിന് താക്കീത് നൽകിയിട്ടുണ്ട്. പന്തിന്റെ പ്രതിഭയിൽ ആർക്കും സംശയമില്ലെന്നും എന്നാൽ അശ്രദ്ധ കാട്ടിയാൽ ചെവിക്കു പിടിക്കുമെന്നുമാണ് ശാസ്ത്രി പറഞ്ഞത്.

നിർഭയമായി (ഫിയർലെസ്) ബാറ്റു വീഴുന്നത് നല്ല കാര്യമാണെങ്കിലും അശ്രദ്ധമായി (കെയർലെസ്) പുറത്താകുന്നത് ശീലമാക്കരുതെന്ന് ശാസ്ത്രി ഉപദേശവും നൽകി. അലക്ഷ്യമായ ഷോട്ടുകൾ നിയന്ത്രിച്ചില്ലെങ്കിൽ പന്തിന്റെ ഭാവിതന്നെ അപകടത്തിലാണെന്ന സൂചനകളും വ്യക്തമാകുന്നുണ്ട്.

ഇശാൻ കിഷൻ, സഞ്ജു സാംസൺ തുടങ്ങി നിരവധിപ്പേരാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറാകാൻ കൊതിച്ചിരിക്കുന്ന്. മറ്റാർക്കും നൽകാത്തയത്ര അവസരങ്ങളാണ് പന്തിന് ലഭിച്ചിരിക്കുന്നത്. അർഹിക്കുന്നതിലുമധികം അവസരങ്ങൾ നൽകിയതിനാലാണ് പന്ത് അലക്ഷ്യമായി കളിക്കുന്നതെന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

ടീം ഇവരിൽനിന്ന്

ഇന്ത്യ: വിരാട് കൊഹ്‌ലി (ക്യാപ്ടൻ), രോഹിത് ശർമ്മ, ശിഖർധവാൻ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ ചഹർ, ഖലീൽ അഹമ്മദ്, ദീപക് ചഹർ, നവ്ദീപ് സെയ്‌നി.

ദക്ഷിണാഫ്രിക്ക : ക്വിന്റൺ ഡി കോക് (ക്യാപ്ടൻ), വാൻഡർ ഡുസെൻ, ടെംപ ബൗമ ജൂനിയർ ഡാല, ബ്യോൺ ഫോർച്യൂൺ, ബ്യൂറൻ ഹെൻഡ്രിക്സ്, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, അൻറിച്ച് നോർജേ, പെഹ്‌ലുക്ക് വായോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാദ, തബാരെയ്സ് ഷംസി, ജോർജ് ലിൻഡെ.

ടി.വി ലൈവ്: രാത്രി 7 മുതൽ സ്റ്റാർ സ്പോർട്സിൽ

. 2015 ൽനടന്ന ഇന്ത്യൻ പര്യടനത്തിൽ ദക്ഷിണാഫ്രിക്ക മൂന്ന് ട്വന്റി 20 കളുടെ പരമ്പര 2-0 ത്തിന് സ്വന്തമാക്കിയിരുന്നു.

. കാര്യവട്ടത്ത് ഇന്ത്യ എയ്ക്കെതിരെ ഏകദിന പരമ്പരയിൽ 1-4ന് തോറ്റിരുന്ന ദക്ഷിണാഫ്രിക്ക എ ടീമിലെ അംഗങ്ങളാണ് ട്വന്റി 20 ടീമിൽ ഭൂരിഭാഗവും.

. ട്വന്റി 20 യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കൊഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി 28.83 മാത്രം. അയർലൻഡിനെതിരെ മാത്രമാണ് കൊഹ്‌ലിക്ക് ഇതിലും മോശമായ ബാറ്റിംഗ് ശരാശരിയുള്ളത്.

. ഐ.പി.എല്ലിലും അന്താരാഷ്ട്ര മത്സരങ്ങളിലുമായി മൊഹാലിയിൽ കളിച്ച 29 ട്വന്റി 20 കളിൽ 730 റൺസ് ഡേവിഡ് മില്ലർ നേടിയിട്ടുണ്ട്.

'വിരാട് കൊഹ്‌ലിയും കാഗിസോ റബദയും മികച്ച താരങ്ങളാണ്. അവർ തമ്മിൽ കടുത്ത പോരാട്ടം തന്നെ നടക്കും. ആ പോര് കാണാൻ നല്ല രസമായിരിക്കും."

ക്വിന്റൺ ഡി കോക്ക്.