തിരുവനന്തപുരം: മരട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു മാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണെന്ന് കടുപ്പിച്ച് പറഞ്ഞ് ,സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സർക്കാർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ വേറിട്ടു നിന്നു.
സർക്കാരിന് ഈ വിധിയും നടപ്പാക്കാൻ ബാദ്ധ്യതയുണ്ടെന്ന് ശബരിമല യുവതീപ്രവേശന വിധിയെ ഓർമ്മിപ്പിച്ച് കാനം വ്യക്തമാക്കി. തീരപരിപാലന ചട്ടം ലംഘിച്ച് ഫ്ലാറ്റ് നിർമ്മിച്ച് സാധാരണക്കാരായ ഉടമകളെ തട്ടിക്കുന്ന ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ നിയമ നിർമ്മാണം വേണം. ഫ്ലാറ്റുടമകളെ ഒഴിപ്പിക്കേണ്ടി വന്നാൽ നഷ്ടപരിഹാരം ബിൽഡർമാരിൽ നിന്ന് ഈടാക്കണം. പൊതുപണം ഉപയോഗിക്കാനാവില്ലെന്നും കാനം വ്യക്തമാക്കി.
കാനത്തിന്റെ പ്രസംഗത്തോടെയാണ് ബിൽഡർമാർക്കെതിരായ വികാരം ഉയർന്നത്.
യോഗത്തിന് ശേഷം പുറത്തിറങ്ങിയ കാനം വാർത്താലേഖകരോടും നിലപാട് ആവർത്തിച്ചു. ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത സർക്കാരിന് വിധി നടപ്പാക്കാതിരിക്കാനാവില്ല. ശബരിമലവിധി നടപ്പാക്കിയതിന്റെ പേരിൽസർക്കാർ ധാരാളം ചീത്ത കേട്ടു. നിയമലംഘനം നടത്തിയ റിസോർട്ടിനെതിരെ സി.പി.ഐയുടെ മത്സ്യത്തൊഴിലാളി യൂണിയൻ സെക്രട്ടറി പത്മനാഭൻ സപ്രീംകോടതി വരെ പോയി. ജസ്റ്റിസ് രാധാകൃഷ്ണൻ അത് പൊളിച്ചുകളയാൻ ഉത്തരവിട്ടു. ഏഴ് വർഷമായിട്ടും പൊളിഞ്ഞിട്ടില്ല- കാനം പറഞ്ഞു.
മരട് ഫ്ളാറ്റുകളിലെ താമസക്കാരോട് സഹാനുഭൂതി കാട്ടുമ്പോൾ, നിർമ്മാതാക്കളോട് ദാക്ഷിണ്യം പാടില്ല. കുടിയിറക്കൽ പ്രായോഗികമല്ല. കെട്ടിടനിർമ്മാതാക്കളും തെറ്റ് ചെയ്ത ഉദ്യോഗസ്ഥരും രക്ഷപ്പെട്ട് നിൽക്കുകയാണ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
ഒരു വശത്ത് സർവ്വകക്ഷിയോഗം വിളിക്കുന്ന സർക്കാർ ,മറുവശത്ത് ഫ്ലാറ്റുടമകൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകുന്നത് ഇരട്ടത്താപ്പാണ്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകും. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതികാഘാതം ഭീകരമാകുമെന്ന് സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താനുമാകണം: ജെ.ഡി.എസിലെ മാത്യു.ടി.തോമസ് തിരിച്ചടിച്ചു.
സുപ്രീംകോടതി വിധി ഇരുമ്പുലക്കയല്ല. അത് മറികടക്കാൻ സർക്കാർ വഴികൾ തേടണം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.
മരട് ഫ്ലാറ്റ്സമുച്ചയത്തിന് അനുമതി നൽകിയ തദ്ദേശസ്ഥാപനത്തിന് മാത്രമല്ല, അന്ന് സംസ്ഥാനം ഭരിച്ച സർക്കാരിനും ഉത്തരവാദിത്വമുണ്ട്: ബി.ജെ.പി പ്രതിനിധി എ.എൻ. രാധാകൃഷ്ണൻ