തിരുവനന്തപുരം: ഈ മാസം 27ന് നടക്കുന്ന കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്‌സിറ്റി കോളേജിൽ കെ.എസ്.യു പാനൽ പത്രിക സമർപ്പിച്ചു. പി.എം. ബോബൻ (ചെയർമാൻ), ആര്യ എസ്. നായർ (വൈസ് ചെയർപേഴ്‌സൺ), ഐശ്വര്യ ജോസഫ് (ജനറൽ സെക്രട്ടറി), അമൽചന്ദ്ര .സി (ആർട്‌സ് ക്ലബ് സെക്രട്ടറി), എന്നീ സ്ഥാനങ്ങളിലേക്കാണ് ഇന്നലെ പത്രിക നൽകിയത്. അമൽ .പി.ടി (ഫസ്റ്റ് ഇയർ റെപ്പ്),​ എസ്. അൽസാഫ് (മാഗസിൻ എഡിറ്റർ) എന്നിവർ ഇന്ന് പത്രിക സമർപ്പിക്കും. റിട്ടേണിംഗ് ഓഫീസർ രഘുനാഥൻ പിള്ളയ്ക്കാണ് പത്രിക കൈമാറിയത്. 18 വർഷത്തിനു ശേഷമാണ് കെ.എസ്.യു യൂണിവേഴ്‌സിറ്റി കോളേജിൽ പത്രിക സമർപ്പിക്കുന്നത്.

പി.എം. ബോബൻ ഇസ്ലാമിക് ഹിസ്റ്ററി മൂന്നാം വർഷ വിദ്യാർത്ഥിയും ആര്യ എസ്. നായർ ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥിനിയും അമൽചന്ദ്ര. സി കോളേജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റും മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമാണ്. ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന ഐശ്വര്യ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിയും മാഗസിൻ എഡിറ്ററായി മത്സരിക്കുന്ന അൽസാഫ് ഇക്കണോമിക്‌സ് ഒന്നാംവർഷ വിദ്യാർത്ഥിയുമാണ്. അമൽ പി.ടി ഇക്കണോമിക്‌സ് വിദ്യാർത്ഥിയാണ്. ജനറൽ, റെപ്രസെന്റേറ്റീവ് സീറ്റുകളിലേക്കായി എ.ഐ.എസ്.എഫിനു വേണ്ടി അഞ്ചുപേർ ഇന്ന് പത്രിക നൽകും. ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥി നാദിറ ഫസ്റ്റ് ഇയർ പി.ജി റെപ്പായി മത്സരിക്കും. മൂന്ന് വർഷം മുമ്പ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എ.ഐ.എസ്.എഫ് പത്രിക നൽകിയെങ്കിലും എസ്.എഫ്.ഐ ഭീഷണിയെ തുടർന്ന് പത്രിക പിൻവലിക്കുകയായിരുന്നു. മറ്റ് സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാതിരുന്ന കോളേജിൽ എസ്.എഫ്.ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയാണ് പതിവ്. എസ്.എഫ്.ഐ പ്രവർത്തകർ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനുശേഷം അഡ്‌ഹോക് കമ്മിറ്റി ചേർന്നാണ് കോളേജിൽ മറ്റ് സംഘടനകൾക്ക് പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനുശേഷമാണ് കെ.എസ്.യുവും എ.ഐ.എസ്.എഫും കോളേജിൽ യൂണിറ്റ് ആരംഭിച്ചത്.