നെടുമങ്ങാട്: ലോൺ കുടിശ്ശികയുടെ പേരിൽ മൂന്നു സെന്റ് പുരയിടത്തിൽ താമസിച്ചിരുന്ന പട്ടികജാതി കുടുംബത്തിന്റെ വീടും സ്ഥലവും ബാങ്ക് അധികൃതർ ജപ്തിചെയ്തു. പനവൂർ പഞ്ചായത്തിലെ കുളപ്പാറ കുന്നുംപുറത്തു വീട്ടിൽ ബാലു-ബീന ദമ്പതികളെയും മക്കളെയുമാണ് ബാങ്ക് അധികൃതർ ഇറക്കിവിട്ടത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ നിയമനടപടികൾ പറഞ്ഞ് വിരട്ടിയ ശേഷമായിരുന്നു നടപടികളെന്ന് പരാതിയുണ്ട്. തലചായ്ക്കാൻ ഇടമില്ലാതായതോടെ ഒരു പെൺകുഞ്ഞ് ഉൾപ്പെടെ രണ്ടു കുട്ടികളുമായി തെരുവിലാണ് ബാലുവിന്റെ കുടുംബം അന്തിയുറങ്ങുന്നത്. 2014 ൽ വീടു നിർമ്മാണത്തിനായി എസ്.ബി.ഐ ശാഖയിൽ നിന്ന് ബീനയും ബാലുവും ചേർന്ന് രണ്ടര ലക്ഷം രൂപ ലോൺ എടുത്തിരുന്നു. കൂലിപ്പണിക്കാരനായ ബാലു രണ്ടു വർഷത്തോളം പലിശയും മുതലുമായി തവണകൾ കൃത്യമായി അടച്ചു. ജോലിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായതിനെ തുടർന്ന് അടവ് മുടങ്ങി. ബീന കൂലിപ്പണിക്ക് ഇറങ്ങി വീണ്ടും കുറേ തുക അടച്ചെങ്കിലും 2.86 ലക്ഷം രൂപ കുടിശികയുണ്ടെന്ന് കാണിച്ചാണ് ബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചത്. മകളുടെയും തന്റെയും വകയായി ഉണ്ടായിരുന്ന ഉരുപ്പടി വിറ്റ് കിട്ടിയ തുകയും ബീന ബാങ്കിലടച്ചു. ബാക്കി കുടിശ്ശിക തീർക്കാനായി സഹായമഭ്യർത്ഥിച്ച് ഇവർ പലരെയും സമീച്ചു. ചിലർ സഹായിക്കാൻ സന്നദ്ധരായ വിവരം ബാങ്കിനെ അറിയിച്ചെങ്കിലും അതു മുഖവിലയ്ക്കെടുക്കാതെ ബാങ്ക് അധികൃതർ നടപടിയിലേക്ക് കടക്കുകയായിരുന്നു. എന്നാൽ നിയമാനുസൃതമായ നടപടികളാണ് തങ്ങൾ സ്വീകരിച്ചതെന്ന് എസ്.ബി.എ അധികൃതർ പറഞ്ഞു.
പ്രതിഷേധം ശക്തം
ബാങ്കിന്റെ ധൃതി പിടിച്ചുള്ള നടപടി പുനഃപരിശോധിക്കണമെന്നും സർക്കാരിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് സി.പി.എം പനവൂർ ലോക്കൽ കമ്മിറ്റിയും പട്ടികജാതി ക്ഷേമസമിതി ഏരിയ കമ്മിറ്റിയും രംഗത്ത് വന്നിട്ടുണ്ട്. നടപടി റദ്ദാക്കിയില്ലെങ്കിൽ ബാങ്കിനെതിരെ സമരം നടത്താനാണ് തീരുമാനം.