തിരുവനന്തപുരം : കൊച്ചി മരട് ഫ്ലാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കാൻ നിയമപരമായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് സർവ്വകക്ഷിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. ഫ്ലാറ്റുകൾ പൊളിക്കാതിരിക്കാനുള്ള നിയമ സാദ്ധ്യത ആരാഞ്ഞ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചനയാണ് യോഗത്തിലുണ്ടായത്. സംസ്ഥാനത്തിനായി സുപ്രീംകോടതിയിലെ ഉന്നത അഭിഭാഷകൻ ഹാജരാകും.
ആവശ്യമെങ്കിൽ കേന്ദ്രത്തിലേക്ക് സർവ്വകക്ഷി സംഘത്തെ അയയ്‌ക്കാനും ധാരണയായി. മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യമുന്നയിച്ചു.
ഫ്ലാറ്റ് നിർമ്മാതാക്കളെ
കുടുക്കാൻ വഴിതേടും
ഫ്ളാറ്ര് നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്നും, ഇവരെ കരിമ്പട്ടികയിൽപ്പെടുത്താനാകുമോയെന്നും പരിശോധിക്കും. നിർമ്മാണത്തിന് അനുമതി കൊടുത്തതാണ് ആദ്യത്തെ തെറ്റ്. തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്നും ഫ്ലാറ്റിലെ താമസക്കാരെ സംരക്ഷിക്കണമെന്നുമാണ് സർക്കാർനിലപാട് - മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
ഫ്ലാറ്റുകൾ പൊളിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്തി ആയിരിക്കും. അതേസമയം, സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന സർക്കാരിന്റെ ഭരണഘടനാപരമായ ബാദ്ധ്യതയിൽ നിന്ന് ഒഴിയാനുമാവില്ല. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളിൽ ഇളവ് നൽകാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്. കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ പാരിസ്ഥിതികാഘാതം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ എത്തിക്കണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു. കേന്ദ്രപരിസ്ഥിതി മന്ത്രിയെ ഫോണിൽ വിളിച്ച് പ്രശ്നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തി. കേസിൽ പരിസ്ഥിതിമന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
കേസിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.. നേരത്തേയുള്ള കോടതിവിധികളെല്ലാം ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് അനുകൂലമായിരുന്നു. താമസക്കാർക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് പ്രധാന പ്രശ്നം. ഭവനരഹിതർക്ക് വീട് വച്ചു നൽകുന്ന സർക്കാരിന് മറുവശത്ത് വാസഗൃഹങ്ങൾ പൊളിക്കാനാവില്ല. അനധികൃത നിർമ്മാണം നടത്തിയവർ രക്ഷപ്പെടുകയും താമസക്കാർ ഭവനരഹിതരാവുകയും ചെയ്യുന്നത് സ്വാഭാവിക നീതിയല്ല. സുപ്രീംകോടതിവിധി നൽകുന്ന ചില പാഠങ്ങളുമുണ്ട്. പരിസ്ഥിതിനിയമങ്ങൾ പാലിക്കാതെയുള്ള നിർമ്മാണങ്ങൾക്ക് പിന്തുണ നൽകാൻ സർക്കാരിനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.സി. മൊയ്തീൻ, കക്ഷി നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, പി. രാജീവ്, കാനം രാജേന്ദ്രൻ, കെ.വി. തോമസ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, എം.കെ. മുനീർ, എ.എൻ. രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാത്യു.ടി.തോമസ്, കോവൂർ കുഞ്ഞുമോൻ, അനൂപ് ജേക്കബ്, പി.സി. ജോർജ്, ടി.പി. പീതാംബരൻ, എ.എ.അസീസ്, അഡ്വ. വർഗീസ്, അഡ്വ.വേണുഗോപാലൻ നായർ, സണ്ണി തോമസ്, അഡിഷണൽ ചീഫ്സെക്രട്ടറിമാരായ വിശ്വാസ് മേത്ത, ടി.കെ. ജോസ്, പ്രിൻസിപ്പൽസെക്രട്ടറി ഉഷ ടൈറ്റസ് തുടങ്ങിയവർ പങ്കെടുത്തു.
ചെന്നൈ ഐ.ഐ.ടി
പറയുന്നത്:
ഫ്ളാറ്റുകൾ പൊളിച്ചുനീക്കൽ പരിമിതമായ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാവില്ല. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കും. സമീപത്തുള്ള കെട്ടിടങ്ങളെയും ബാധിക്കും. കനാലുകൾ, ആൾ താമസമുള്ള കെട്ടിടങ്ങൾ, വൃക്ഷങ്ങൾ, ചെടികൾ എന്നിവയ്ക്ക് ഹാനിയുണ്ടാകും. ഒരു കിലോമീറ്റർ ചുറ്റളവിലെങ്കിലും വായുമലിനീകരണം ഉണ്ടാകും. കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത് ബാദ്ധ്യതയാകും.