എകാതറിൻ ബർഗ്: റഷ്യയിൽ നടക്കുന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ താരങ്ങളായ അമിത് ഫംഗൽ (52 കി.ഗ്രാം), മനീഷ് കൗശിക് (63 കി.ഗ്രാം), സഞ്ജീത് (91 കി.ഗ്രാം) എന്നിവർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാവായ അമിത് പ്രീക്വാർട്ടറിൽ തുർക്കിയുടെ ബുതുഹാൻ സിറ്റ്സ്‌ഫിയെയാണ് ഇടിച്ചിട്ടത്. നാലാംസീഡ് മംഗോളിയൻ താരം ചിൻസേഗിഗ് ബാത്രാ സുഖിനെ അട്ടിമറിച്ചാണ് മനീഷ് കൗഷിക്ക് ക്വാർട്ടറിലേക്ക് കടന്നത്. ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവായിരുന്നു മംഗോളിയൻ താരം. 5-0 എന്ന സ്കോറിനാണ് അമിതും മനീഷും ജയിച്ചത്.

91 കി.ഗ്രാം വിഭാഗത്തിൽ രണ്ടാം സീഡുകാരൻ ഉസ്‌ബക്കിസ്ഥാന്റെ സൻജാർ തഴ്സനോവിനെ 3-2 നാണ് സഞ്ജീവ് പ്രീക്വാർട്ടറിൽ ഇടിച്ചിട്ടത്. മുൻ ലോക ചാമ്പ്യനാണ് തഴ്സനോവ്.

ക്വാർട്ടർ ഫൈനലിൽ ഫിലിപ്പീൻസിന്റെ കാർലോ പാലാം ആണ് അമിതിന്റെ എതിരാളി. ജക്കാർത്ത ഏഷ്യൻ ഗെയിംസിന്റെ സെമിഫൈനലിൽ അമിത് കാർലോയെ തോൽപ്പിച്ചിരുന്നു. കൗഷിക് ക്വാർട്ടറിൽ ബ്രസീലിന്റെ വാൻഡേഴ്സണിനെയും സഞ്ജകത് ഇക്വഡോറിന്റെ ജൂലിയ സീസ കാസ്റ്റിലോയെയും നേരിടും.