തിരുവനന്തപുരം: ഒരു പത്രാധിപർ എങ്ങനെയാകണമെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതന്നയാളാണ് കെ.സുകുമാരനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പത്രാധിപർ കെ.സുകുമാരന്റെ 38-ാം ചരമവാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പത്രാധിപർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ വല്ലപ്പോഴുമൊരിക്കൽ ഉദയം കൊള്ളുന്ന അസാധാരണമായ ധിഷണാശാലിയായിരുന്നു പത്രാധിപർ കെ.സുകുമാരൻ . കേരള കൗമുദി കേരളത്തിന്റെ ചരിത്രഗതിയെ നിയന്ത്റിച്ച പത്രമാണ്. കേരള കൗമുദി ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ ചരിത്രം ഇതുപോലെ ആകുമായിരുന്നില്ല. ആ പത്രത്തിന് ആദർശത്തിന്റെ അടിത്തറയും പ്രതിബന്ധങ്ങളെ തട്ടി നീക്കി മുന്നോട്ട് കുതിക്കാനുള്ള കരുത്തും നൽകിയത് പത്രാധിപരായിരുന്നു.
പിന്നാക്ക വിഭാഗങ്ങളുടെ മോചനത്തിനായി മാത്രമല്ല, ജനാധിപത്യത്തിനും സ്വതന്ത്റ്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി വിട്ടു വീഴ്ചയില്ലാതെ പോരാടുന്ന പടവാളായും കേരള കൗമുദിയെ അദ്ദേഹം മാറ്റി. എല്ലാ പുരോഗമന ആശയങ്ങളുടെയും മുൻപന്തിയിൽ അദ്ദേഹം കേരള കൗമുദിയെ പ്രതിഷ്ഠിച്ചു.
അച്ചടിക്കുന്ന ഓരോ വാക്കും സത്യസന്ധമായിരിക്കണമെന്ന് നിർബന്ധം പിടിച്ചയാളായിരുന്ന കെ.സുകുമാരൻ. സോഷ്യൽ മീഡിയയുടെയും ഇലക്ട്രാണിക് മീഡിയയുടെയും മറ്റും തള്ളിക്കയറ്റമുണ്ടായിട്ടും കേരളത്തിൽ പ്രിന്റ് മീഡിയ കുറെയൊക്കെ തല ഉയർത്തി നിൽക്കുന്നതിന്റെ കാരണവും ഈ വിശ്വാസ്യതയാണ്. വാക്കുകളിൽ വിഷം പുരട്ടരുതെന്ന പത്രാധിപരുടെ നിലപാടിന് എന്നെത്തെക്കാളും പ്രസക്തി ഇന്നുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്റി പി.കെ.ഗുരുദാസൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് പത്രാധിപർ സ്മാരക അവാർഡും മാനേജ്‌മെന്റിന്റെ ധനസഹായവും ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിക്കുള്ള അവാർഡും വിതരണം ചെയ്തു. കേരളകൗമുദി നോൺ ജേർണലിറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്. സാബു നന്ദിയും പറഞ്ഞു.