''അങ്ങനെ ഞങ്ങൾ ചെയ്യണോടാ?" ഈ ക്ളിപ്പിംഗ് കിടാവുസാറിന് അയച്ചുകൊടുക്കണോ?"
പ്രജീഷ് കുനിഞ്ഞ് പരുന്ത് റഷീദിന്റെ കവിളടക്കം ഒന്നു പൊട്ടിച്ചു.
''സാറേ..."
പരുന്തിന്റെ കാതിനുള്ളിൽ കടന്നൽക്കൂട് ഇളകിയ പ്രതീതി:
''ഞാൻ അറിയാവുന്നതൊക്കെ പറഞ്ഞില്ലേ? പിന്നെന്തിനാ എന്നെ തല്ലുന്നത്?"
''നീ ഞങ്ങളെ അനുസരിക്കാൻ. ഇനിയുള്ള കാലം ഞങ്ങടെ അടിമയായി ഇരിക്കാൻ."
ചന്ദ്രകല മറുപടി നൽകി.
''എന്തു വേണമെങ്കിലും ഞാൻ ചെയ്തോളാം. എന്നെ കൊല്ലാതേം കിടാവ് സാറിന് ഒറ്റിക്കൊടുക്കാതിരിക്കുവേം ചെയ്താമതി."
പരുന്ത് സമ്മതിച്ചു.
''ശരി." പ്രജീഷ് എഴുന്നേറ്റു.
പരുന്തിന്റെ പുറത്തുനിന്ന് കസേര നീക്കി.
വല്ല വിധേനയും പരുന്ത് എഴുന്നേറ്റിരുന്നു.
''ഇനി എനിക്ക് കുറച്ചു വെള്ളം തരുമോ..."
പ്രജീഷ്, ചന്ദ്രകലയെ നോക്കി കണ്ണുകൊണ്ട് ഒരടയാളം കാട്ടി. അവൾ പോയി ഒരു മഗ്ഗിൽ വെള്ളം കൊണ്ടുവന്നു നൽകി.
ആർത്തിയോടെ പരുന്ത് അത് കുടിച്ചു.
''ഇനി നീ എഴുന്നേറ്റ് ആ കസേരയിലിരിക്ക്."
പ്രജീഷ് കൽപ്പിച്ചു.
പരുന്ത് അയാൾക്കെതിരെ ഒരു ഫൈബർ കസേരയിലിരുന്നു.
''പറ... കിടാവിന് മറ്റെന്തൊക്കെ ബിസിനസ്സുകളുണ്ട്?"
''ഒരുപാടുണ്ടെന്നുമാത്രം അറിയാം. ഏതൊക്കെ എന്നു വ്യക്തമല്ല."
പരുന്ത് റഷീദ് അല്പനേരം ചിന്തിച്ചിരുന്നു. ശേഷം തുടർന്നു:
''റിയൽ എസ്റ്റേറ്റ് ബിസിനസ്സുണ്ട്. അതിനു ബിനാമികളുണ്ട്. പിന്നെ എറണാകുളത്ത് പൊളിച്ചുമാറ്റുവാൻ കോടതി നിർദ്ദേശിച്ചിരിക്കുന്ന അഞ്ച് ബിൽഡിംഗുകളിൽ ഒന്ന് കിടാവ് സാറിന്റെ ബിനാമിയാണ് പണിയിപ്പിച്ചത്."
അത് ചന്ദ്രകലയ്ക്കും പ്രജീഷിനും പുതിയ അറിവായിരുന്നു.
കുന്നിടിക്കുകയോ നിലം നികത്തുകയോ പാറ ഖനനം ചെയ്യുകയോ ഇല്ലാതെ വനത്തിൽ കുടിൽകെട്ടി താമസിച്ചിരുന്ന ആദിവാസികളെ ചുട്ടെരിച്ചും വെടിവച്ചുകൊന്നും ആ സ്ഥലം ഒഴിപ്പിച്ച സർക്കാർ, മുതലക്കണ്ണീരുമായി ഫ്ളാറ്റുകൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നിലെ രഹസ്യവും മറ്റൊന്നും ആകാനിടയില്ല....
''സാർ...."
പരുന്തിന്റെ ശബ്ദമാണ് പ്രജീഷിനെ ഉണർത്തിയത്.
''എന്താടാ?"
അയാൾ പരുന്തിനു നേർക്കു തിരിഞ്ഞു.
''നിങ്ങളെ കൊല്ലാൻ വന്നവനെ കണ്ടുപിടിച്ചു തന്നാൽ എന്നെ വെറുതെ വിടുമോ?"
''അത് അപ്പോൾ ആലോചിക്കാം."
''എങ്കിൽ ഞാൻ പൊയ്‌ക്കോട്ടെ. ഒരു തരം വിഷമുള്ളുകളാണ് എന്റെ ശരീരത്തിൽ തറഞ്ഞിരിക്കുന്നത്. ഏതെങ്കിലും ഡോക്ടറെ കാണണം..."
''പൊയ്‌ക്കോ." ചന്ദ്രകല അനുവാദം നൽകി. ''പക്ഷേ എത്രയും വേഗം അയാളെ കണ്ടുപിടിച്ചിരിക്കണം. വൈകിയാൽ.. "
അവൾ സെൽഫോൺ ഉയർത്തിക്കാട്ടി.
''ഞാൻ ചതിക്കില്ല."
പറഞ്ഞിട്ട് കുനിഞ്ഞ ശിരസ്സോടെ പരുന്ത് റഷീദ് ഇറങ്ങിപ്പോയി...
ആ സമയം നിലമ്പൂർ വടക്കേ കോവിലകത്ത്...
ശ്രീനിവാസ കിടാവിനു വേണ്ടി വിഭവ സമൃദ്ധമായ സദ്യയാണ് മരുമകൾ ഹേമലത തയ്യാറാക്കിയത്.
എല്ലാം ഒരുക്കിവച്ചിട്ട് അവൾ ജോലിക്കാരി ഭാനുമതിയോടു പറഞ്ഞു.:
''ഞാനൊന്നു മേൽ കഴുകിയിട്ട് വരാം."
അവൾ ബാത്ത്‌റൂമിലേക്കു പോയി.
ആരവും ആരതിയും ടിവി കണ്ടുകൊണ്ടിരിക്കുകയാണ്.
ശ്രീനിവാസ കിടാവും സുരേഷും കോവിലകത്തിന്റെ മുറ്റത്തെ ഗാർഡനിൽ ഇരുന്നുകൊണ്ട് മദ്യപിക്കുകയും.
ഗ്ളാസുയർത്തി ഒന്നു സിപ്പുചെയ്തിട്ട് കിടാവ് നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പു വാരി വായിലിട്ടു.
''കേട്ടോടാ." അയാൾ മകനോടു പറഞ്ഞു. ''ഒരുപാടു കാലമായുള്ള എന്റെ സ്വപ്നമായിരുന്നു ഈ കോവിലകം സ്വന്തമാക്കണമെന്നത്. ഈ കാണുന്നതൊന്നുമല്ല, ഇതിന്റെ നിലവറയിലും തട്ടിൻപുറത്തുമൊക്കെ വിലമതിക്കാനാവാത്ത പലതും ഉണ്ടെന്നു ഞാൻ കരുതുന്നു.."
''റിയലി?" സുരേഷ് കിടാവിന്റെ കണ്ണുകളിൽ ഒരു തിളക്കം.
''ങാ. പതുക്കെപ്പതുക്കെ നമുക്ക് ഓരോ ഭാഗവും അരിച്ചുപെറുക്കണം."
അപ്പോൾ അടുക്കളയുടെ പുറത്തേക്കുള്ള വാതിൽ അടയ്ക്കുവാൻ ഭാവിക്കുകയായിരുന്നു ഭാനുമതി.
പെട്ടെന്ന് പിന്നിൽ എന്തോ ഒരനക്കം കേട്ട് ഭാനുമതി ഞെട്ടിത്തിരിഞ്ഞു.
ആദ്യം കണ്ടത് മുഖത്തിനു മുന്നിൽ പല്ലുകൾ ഇളകിയ ഒരു തലയോട്ടിയാണ്.
അതിനു പിന്നിൽ കുറെ കറുത്ത രൂപങ്ങൾ...
നിലവിളിക്കുവാൻ പോലും കഴിഞ്ഞില്ല ഭാനുമതിക്ക്!
(തുടരും)