clown

സർക്കസിലെ കോമാളി വേഷം കെട്ടുന്നവർക്കുവേണ്ടി ഒരു മ്യൂസിയം. അതാണ് ഇന്റർനാഷണൽ ക്ലൗൺ ഹാൾ ഒഫ് ഫെയിം ആൻഡ് റിസർച്ച് സെന്റർ. കോമാളി വേഷം അവതരിപ്പിക്കുന്ന കലാകാരൻമാർക്കുള്ള ആദര സൂചകമായാണ് ഇങ്ങനെയൊരു മ്യൂസിയം ആരംഭിക്കുന്നത്. കോമാളികളെ പറ്റിയുള്ള ഒരു ഗവേഷണ കേന്ദ്രം കൂടിയാണ് ഇത്. അമേരിക്കയിലെ വിസ്കോൺസിനിലെ ഡെലാവനിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം 1987ലാണ് സ്ഥാപിതമാകുന്നത്.

പ്രസിദ്ധ അമേരിക്കൻ സർക്കസ് കമ്പനിയായ ബാർനം ആൻഡ് ബെയ്ലി സർക്കസിന്റെ ഉത്ഭവ സ്ഥാനമായി കരുതപ്പെടുന്ന പ്രദേശമാണ് വിസ്കോൺസിൻ. ഏറ്റവും പ്രഗത്ഭരെന്ന് ഖ്യാതിയുള്ള 60 ലേറെ വിദൂഷക കലാകാരൻമാരെ ഇതിനോടകം തന്നെ ഈ മ്യൂസിയം ഹാൾ ഒഫ് ഫെയിം പദവി നൽകി ആദരിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള കോമാളികളെ പറ്റിയുള്ള വിവരങ്ങൾ, അവർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, മേക്കപ്പ്.... അങ്ങനെ എല്ലാം ഇവിടെ കാണാം. സർക്കസിൽ കോമാളി വേഷത്തിലൂടെ ലോകപ്രസിദ്ധനായ ബോബോ ബെർനെറ്റ് ഉപയോഗിച്ചിരുന്ന വിഖ്യാതമായ മിനി കാറും വസ്ത്രങ്ങളും പോസ്റ്ററുകളും മറ്റും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സന്ദർശകർക്കായി കോമാളികളുടെ പ്രത്യേക പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.