pk-kunhalikutty

തിരുവനന്തപുരം: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് കസ്റ്റഡിയിലുള്ള പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ഉന്നയിച്ച ആരോപണങ്ങൾ മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി തള്ളി. ഇബ്രാഹിം കുഞ്ഞിന് പൂർണ പിന്തുണ അദ്ദേഹം അറിയിച്ചു. പാലം പണിക്കുള്ള മുൻകൂർപണം നൽകുന്നതുമായി ബന്ധപ്പെട്ട ഫയലിൽ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന സൂരജിന്റെ വാദം ശരിയല്ല. പാലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടി തന്നെ അന്വേഷിച്ചിട്ടുണ്ട്. അതിൽ ഇബ്രാഹിം കുഞ്ഞിനെതിരെ ഒന്നും കണ്ടെത്താനായില്ല. മുന്നിൽ വന്ന ഫയൽ അംഗീകരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. പറയുന്നവർക്ക് എന്തും പറയാം. ഇബ്രാഹിം കുഞ്ഞിനെതിരെ അത്തരത്തിലൊരു കേസും ഇപ്പോൾ നിലവിലില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. അതിനെ ബാധിക്കുമെന്നതിനാൽ കൂടുതലായൊന്നും പറയുന്നില്ല.