kadal

കിളിമാനൂർ: അവഗണനയിൽ നിന്ന് വികസനത്തിന്റെ പുത്തൻ സാദ്ധ്യതകളുമായി കടലുകാണിപ്പാറ. ജില്ലയിലെ ടൂറിസം മേഖലയിലെ കുതിപ്പിന് കരുത്തേകാൻ കടലുകാണിപ്പാറയിൽ വിവിധ പദ്ധതികളുമായി ടൂറിസം വകുപ്പ്. കടലുകാണിപ്പാറ ടൂറിസം പദ്ധതി രണ്ടാംഘട്ടത്തിന് ടൂറിസം വകുപ്പിന്റെ അംഗീകാരം നൽകി. പദ്ധതിയുടെ നടത്തിപ്പിന് ഇനി സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും മാത്രമാണ് അവശേഷിക്കുന്നത്. വിനോദസഞ്ചാര പദ്ധതികളുടെ നിർമ്മാണത്തിൽ പരിചയമുള്ള സ്ഥാപനങ്ങൾ വഴി മാത്രമാകും നിർമ്മാണ പ്രവൃത്തികൾ നടപ്പിലാക്കുന്നത്. കടലുകാണിപ്പാറയുടെ വികസനത്തെക്കുറിച്ചുള്ള പുളിമാത്ത് പഞ്ചായത്തിന്റെ നിവേദനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ബി. സത്യൻ എം.എൽ.എ സമർപ്പിക്കുകയായിരുന്നു. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ടൂറിസം ഡയറക്ടർ കുമാർ പദ്ധതിയുടെ വിശദ പ്രോജക്ട് തയ്യാറാക്കാൻ ഇൻകലിനെ ചുമതലപ്പെടുത്തി. എം.എൽ.എയുടെയും പഞ്ചായത്ത് അധികൃതരുടെയും നിരന്തര ഇടപെടലിനെ തുടർന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.

കാഴ്ചക്കാരെ വിരുന്നൂട്ടി കടലുകാണിപ്പാറ

----------------------------------------------------------------

കിളിമാനൂർ ബ്ലോക്കിൽ പുളിമാത്ത് പഞ്ചായത്തിലെ കാരേറ്റ് ജംഗ്ഷനിൽ നിന്നു കഷ്ടിച്ച് നാലുകിലോമീറ്റർ അകലെ പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്താൽ സമ്പന്നമാണ് കടലുകാണിപ്പാറയും പരിസരവും. പാറയുടെ മുകളിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ചയും അറബിക്കടലിന്റെ വിദൂരകാഴ്ചയും ആരെയും ഇവിടേക്ക് ആകർഷിക്കും. നിലവിൽ ടൂറിസം വകുപ്പിന്റെ അംഗീകാരം കിട്ടിയ പദ്ധതിയിൽ ലാൻഡ് സ്കേപ്പിംഗ് ആൻഡ് ഹോർട്ടികൾച്ചർ വർക്ക്സ്, സിവിൽ വർക്ക്സ്, ഇലക്ട്രിക്കൽ വർക്ക്സ്, ഫയർ ഫ്ലൈറ്റിംഗ്, ജലവിതരണവും അനുബന്ധ സാനിട്ടേഷൻ ജോലികളും, കുട്ടികളുടെ കളിക്കോപ്പുകളും ഉൾപ്പെടുന്നു

ഗുഹയും ഐതിഹ്യവും

--------------------------------------------------

കടലിന് അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറു കൂറ്റൻ പാറകളാണു കടലുകാണിപ്പാറ. ഇവിടെ പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഗുഹയിൽ സന്യാസിമാർ തപസനുഷ്ഠിച്ചിട്ടുണ്ടെന്നും 75 വർഷങ്ങൾക്കപ്പുറംവരെ ചില യോഗിവര്യന്മാർ ഇവിടെ വന്നിരുന്നെന്നും പറയപ്പെടുന്നു. ഗുഹയെയും പാറയെയും ബന്ധിപ്പിച്ചു നിർമിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠയാണുള്ളത്.

പ്രതികരണം

--------------------------

പദ്ധതി നിർമ്മാണം വേഗം ആരംഭിക്കാൻ ടൂറിസം ഡയറക്ടർ അടിയന്തര നടപടി സ്വീകരിക്കും - ബി. സത്യൻ എം.എൽ.എ

 നടപ്പാക്കുന്നത് - 1.87 കോടി രൂപയുടെ പദ്ധതികൾ