ramesh-chennithala

തിരുവനന്തപുരം: കിഫ്ബിയിൽ സി.എ.ജി ആഡിറ്റിംഗ് നടത്തണമെന്നാവശ്യപ്പെട്ടുള്ള തന്റെ കത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന ഒരാൾ സി.എ.ജി പോലൊരു ഭരണഘടനാസ്ഥാപനത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. വ്യക്തമായ മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണ് മുഖ്യമന്ത്രി. കിഫ്ബിയിൽ സി.എ.ജിക്ക് സ്വമേധയാ ആഡിറ്റ് നടത്താൻ ചട്ടങ്ങളുണ്ടെന്ന പൊള്ളയായ വാദമാണ് അദ്ദേഹമുയർത്തുന്നത്.

അങ്ങനെയെങ്കിൽ ആഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട് സി.എ.ജി സർക്കാരിന് കത്ത് നൽകിയതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
അഴിമതി വെളിച്ചത്തുവരുമെന്ന ഭീതി കൊണ്ടാണ് സർക്കാർ ആഡിറ്റിംഗിന് അനുമതി നൽകാത്തത്.
1999ലെ കിഫ്ബി നിയമത്തിൽ സി.എ.ജി ആഡിറ്റിംഗിന് വ്യവസ്ഥയുണ്ടായിരുന്നു. 2010ൽ കിഫ്ബിയുടെ പ്രവർത്തനം നിറുത്താൻ അന്നത്തെ ഇടതു സർക്കാർ തിരുമാനിച്ചു. എന്നാൽ 2016ൽ ഇടതുസർക്കാർ കിഫ്ബിയെ പുനരുജ്ജീവിപ്പിക്കാനായി പുതിയ ഭേദഗതികൾ 1999ലെ കിഫ്ബി നിയമത്തിൽ കൊണ്ടുവന്നപ്പോൾ ബോധപൂർവം സി.എ.ജി ആഡിറ്റിംഗിനുള്ള വ്യവസ്ഥകൾ ഒഴിവാക്കുകയായിരുന്നു. സി.എ.ജിയെ മാറ്റിനിറുത്തി ഫണ്ട് ട്രസ്റ്റ്ബോർഡ് എന്ന സ്റ്റാറ്റ്യൂട്ടറി സ്ഥാപനം കിഫ്ബിയുടെ കണക്കുകൾ ആഡിറ്റ് ചെയ്താൽ മതിയെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണ്.