തൊപ്പിയും കാക്കിയുമണിഞ്ഞാൽ പൊലീസ് മനുഷ്യരല്ലാതായി മാറുമെന്നു പറയാറുണ്ട്. പദവി നൽകുന്ന അധികാരമാണ് പൊലീസുകാർക്ക് ആരെയും ഭർത്സിക്കാനും വായിൽ തോന്നുന്നതൊക്കെ പറയാനും അവസരം നൽകുന്നത്. കാലത്തിന് അനുസൃതമായി പൊലീസിലും ധാരാളം മാറ്റം വന്നിട്ടുണ്ടെങ്കിലും പൊതുജനങ്ങളോടുള്ള പെരുമാറ്റം ആശാസ്യമാം വിധം മെച്ചപ്പെട്ടിട്ടുണ്ടെന്നു പറയാനാവില്ല. പൊലീസിനെതിരായി സാധാരണക്കാർക്കുള്ള ഏറ്റവും വലിയ ആക്ഷേപവും അതുതന്നെ.
ജനങ്ങളോടുള്ള പെരുമാറ്റം മോശമായാൽ പൊലീസുകാർ സമാധാനം പറയേണ്ടി വരുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഓർമ്മപ്പെടുത്തേണ്ടി വന്നത് ഈ ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ടാകാം. പരാതികളുമായി പൊലീസ് സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്നും നിർദ്ദേശം ലംഘിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ കർശന നടപടി നേരിടേണ്ടി വരുമെന്നുമാണ് ഡി.ജി.പിയുടെ സർക്കുലർ. മുൻപും പല ആവർത്തി പറഞ്ഞ കാര്യങ്ങളാണിതൊക്കെ. സ്റ്റേഷനുകളിലെത്തുന്നവരോടു മാത്രമല്ല പൊതുസ്ഥലത്തും നിരത്തിലുമൊക്കെ പൊലീസിൽ നിന്ന് നല്ലതും മാന്യവുമായ പെരുമാറ്റമാണ് സമൂഹം പ്രതീക്ഷിക്കുന്നത്. നിയമലംഘകരോടും കുറ്റവാളികളോടുമുള്ള സമീപനമാകരുത് നിയമം അനുസരിച്ച് ജീവിക്കുന്ന പൊതുജനങ്ങളോട് സ്വീകരിക്കുന്നത്. പദവിയും അധികാരവും മനുഷ്യരെ വേട്ടയാടാൻ വേണ്ടിയല്ല നൽകിയിരിക്കുന്നത്. പ്രായവും നിലയും പരിഗണിക്കാതെയുള്ള പൊലീസിന്റെ പെരുമാറ്റം എല്ലാക്കാലത്തും ജനങ്ങളെ അലോസരപ്പെടുത്തുന്ന കാര്യമാണ്. അസഭ്യവർഷത്തിലൂടെ ആരെയും മാനസികമായി തളർത്താനുള്ള പൊലീസിന്റെ വിരുത് കുപ്രസിദ്ധമാണ്. ഒരു കാരണവശാലും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഇത്തരം അസഭ്യ പദപ്രയോഗങ്ങളുണ്ടാകാൻ പാടില്ലെന്ന പൊലീസ് മേധാവിയുടെ നിർദ്ദേശം പാലിക്കപ്പെടുമോ എന്നു തീർച്ചയൊന്നുമല്ല. കാരണം ശീലം അത്ര പെട്ടെന്നൊന്നും മാറ്റാനാവില്ലെന്നതു തന്നെ. പൊലീസിന്റെ പരിശീലനകാലം തൊട്ടേ അവരിൽ വളർത്തിക്കൊണ്ടു വരേണ്ട സ്വഭാവഗുണമാണത്. സംസ്കാര സമ്പന്നമായ പൊലീസ് സേന ഏതൊരു നാടിന്റെയും അഭിമാന സമ്പത്താണ്. ആ ലക്ഷ്യം കൈവരിക്കാൻ നമ്മുടെ രാജ്യം ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്. പൊതുജനങ്ങളോട് അങ്ങേയറ്റം മാന്യമായി പെരുമാറണമെന്ന് ശഠിക്കുമ്പോൾത്തന്നെ മേലുദ്യോഗസ്ഥർ തങ്ങളുടെ തൊട്ടു താഴെയുള്ളവരോടും നല്ല നിലയിൽത്തന്നെയാണു പെരുമാറുന്നതെന്ന് ഉറപ്പാക്കണം. കേട്ടാലറയ്ക്കുന്ന അസഭ്യവർഷം കേട്ടാലും അച്ചടക്കത്തിന്റെ പേരിൽ സഹിക്കേണ്ടി വരുന്ന സന്ദർഭങ്ങളാണ് താഴെ തട്ടുകളിലുള്ളവരുടേത്. അമിത ജോലിഭാരത്തോടൊപ്പം ഇതുപോലുള്ള പീഡനം കൂടിയാകുമ്പോൾ സമനില തെറ്റി ദേഷ്യം മുഴുവൻ തങ്ങളുടെ മുന്നിലെത്തുന്ന പൊതുജനങ്ങളുടെ നേരെ തീർക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ എവിടെയുമുണ്ടാകും. പൊലീസ് സേന സംസ്കാര സമ്പന്നരാകാൻ സേനയ്ക്കുള്ളിൽത്തന്നെ വലിയ തോതിലുള്ള ശുദ്ധിക്രിയകൾ ആവശ്യമാണ്.
കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോൾ പോലും മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നാണ് ചട്ടം. പരമോന്നത കോടതി ഇതിനായി വ്യക്തമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ അതു കൃത്യമായി പാലിച്ചാണോ അറസ്റ്റുകൾ നടക്കുന്നത്. സമൂഹത്തിൽ ഉയർന്ന പദവിയും സമ്പത്തുമൊക്കെ ഉള്ളവരുടെ കാര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചെന്നിരിക്കും. സാധാരണക്കാരുടെ കാര്യത്തിൽ അതൊന്നുമുണ്ടാകില്ല. പൊലീസ് നിശ്ചയിക്കുന്നതാണ് തീയതിയും സമയവുമൊക്കെ. കസ്റ്റഡിയിലെടുത്ത് ദിവസങ്ങൾ കഴിഞ്ഞാകും അറസ്റ്റ് സമയം രേഖപ്പെടുത്തുന്നത്. കസ്റ്റഡിയിലുള്ളവരോട് പൊലീസുദ്യോഗസ്ഥർ മാർഗനിർദ്ദേശ പ്രകാരമേ പെരുമാറാവൂ എന്നാണ് ഡി.ജി.പിയുടെ നിർദ്ദേശം. സമീപകാലത്തെ ചില കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തിൽ ഈ നിർദ്ദേശത്തിനു പ്രത്യേക പ്രസക്തിയുണ്ട്. മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നുതന്നെ പുറത്താക്കുമെന്നും മറ്റുമുള്ള മുന്നറിയിപ്പ് കേൾക്കാൻ രസമുണ്ട്. കസ്റ്റഡിയിൽ വച്ച് മൃഗീയമായി പീഡിപ്പിച്ചുകൊന്ന പൊലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താൻ നടത്താറുള്ള വഴിവിട്ട ശ്രമങ്ങൾ കണ്ടിട്ടുള്ള പൊതുജനങ്ങൾ ഇതു വായിച്ച് ഊറിച്ചിരിക്കുന്നുണ്ടാകും. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികൾ സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരെ ഫോൺ വഴി അറിയിക്കണമെന്ന നിർദ്ദേശം നല്ലതു തന്നെ. നടക്കുമെങ്കിൽ.
ജനസംഖ്യാ വർദ്ധനവിനൊപ്പം സമൂഹത്തിൽ കുറ്റകൃത്യങ്ങളും പെരുകിവരുന്ന സാഹചര്യത്തിൽ പൊലീസ് സേന വലിയ സമ്മർദ്ദങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. സേനാംഗങ്ങളുടെ കുറവ് വലിയ പ്രശ്നം തന്നെയാണ്. ജനസംഖ്യയ്ക്ക് ആനുപാതികമായി സേനാബലം കൂട്ടേണ്ടതുണ്ട്. കേരളത്തിൽ വലിയ തോതിൽ റിക്രൂട്ട്മെന്റ് നടത്തിയാലേ ഇപ്പോഴത്തെ കുറവ് പരിഹരിക്കാനാവൂ. പൊലീസിന്റെ പെരുമാറ്റം നന്നാകാൻ അവരുടെ തൊഴിൽ സാഹചര്യങ്ങളും മികച്ചതാകേണ്ടതുണ്ട്. പൊലീസുകാരെ നന്നാക്കാൻ ശ്രമിക്കുന്നവർ ഈ വക കാര്യങ്ങൾ കൂടി പരിഗണിക്കണം.