തിരുവനന്തപുരം: മാദ്ധ്യമരംഗത്ത് നിരവധി മഹാപ്രതിഭകൾ ഉദിച്ചുയർന്നെങ്കിലും പത്രാധിപർ കെ. സുകുമാരന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പത്രാധിപർ കടന്നു പോയി 38 വർഷമായിട്ടും 'പത്രാധിപർ' എന്ന് പറഞ്ഞാൽ കെ. സുകുമാരനാണ്. ഒരു പത്രാധിപർ എങ്ങനെയാകണമെന്ന് കെ. സുകുമാരൻ സ്വന്തം ജീവിതം കൊണ്ടാണ് കാണിച്ചു തന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ 38-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പേട്ടയിലെ കേരളകൗമുദി അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
ചരിത്രത്തിൽ വല്ലപ്പോഴുമൊരിക്കൽ ഉദയം കൊള്ളുന്ന അസാധാരണ ധിഷണാശാലിയായിരുന്നു പത്രാധിപർ. കേരളത്തിന്റെ ചരിത്രഗതിയെ നിയന്ത്രിച്ച പത്രമാണ് കേരളകൗമുദി. ആദർശത്തിന്റെ അടിത്തറയും പ്രതിബന്ധങ്ങളെ തട്ടി നീക്കി മുന്നോട്ട് കുതിക്കാനുള്ള കരുത്തും കേരളകൗമുദിക്ക് നൽകിയത് പത്രാധിപരായിരുന്നു. കേരള ജനത നെഞ്ചോട് ചേർത്തുവച്ച കേരളകൗമുദി. പത്രമെന്നതിനപ്പുറം ഒരു വികാരമാണ്. പിന്നാക്ക അവശ ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടത്തിന്റെ പടവാളാക്കി പത്രാധിപർ പത്രത്തെ വാർത്തെടുത്തപ്പോഴും എല്ലാ വിഭാഗം ജനങ്ങൾക്കും സ്വന്തം പത്രമായിട്ടാണ് അനുഭവപ്പെട്ടത്. പിന്നാക്ക വിഭാഗങ്ങളുടെ മോചനത്തിനും, ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന പടവാളായും കേരളകൗമുദിയെ അദ്ദേഹം മാറ്റി. എല്ലാ പുരോഗമന ആശയങ്ങളുടെയും മുൻപന്തിയിൽ പത്രത്തെ പ്രതിഷ്ഠിച്ചു.
സ്വന്തം നിലപാടുകൾക്ക് വേണ്ടി തൂലിക ചലിപ്പിക്കുമ്പോഴും അന്യന്റെ നിലപാടുകളെ ബഹുമാനിക്കാൻ ശ്രമിച്ചിരുന്നു. . അക്ഷരങ്ങളിൽ വിഷം പുരട്ടാതിരുന്നതിനാൽ എല്ലാ വിഭാഗം ജനങ്ങൾക്കും കേരളകൗമുദി സ്വീകാര്യമായി.തല്ലേണ്ടിടത്ത് തല്ലാനും തലോടേണ്ടിടത്ത് തലോടാനും ഒരു ലോപവും കാട്ടിയില്ല. സർക്കാർ സർവീസിൽ കാര്യക്ഷമതയുടെ പേരു പറഞ്ഞ് പിന്നാക്ക സംവരണം അട്ടിമറിക്കാൻ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചപ്പോൾ അതിനെതിരെ പത്രാധിപർ നടത്തിയ സിംഹഗർജനമായിരുന്നു കുളത്തൂർ പ്രസംഗം. സാമൂഹ്യ പരിഷ്കർത്താവിനെയും, സമൂഹത്തിന്റെ കാവലാളെയുമാണ് അതിലൂടെ തെളിഞ്ഞു കണ്ടത്. പത്രാധിപർക്ക് ശേഷമുള്ള രണ്ടാം തലമുറയിലും പത്രാധിപർ വെട്ടിത്തെളിച്ച പാതയിലൂടെയാണ് കേരളകൗമുദി സഞ്ചരിക്കുന്നത്. വാർത്തകളുടെ വിശ്വാസ്യതയാണ് കേരളകൗമുദിയുടെ മുഖമുദ്റ. സത്യസന്ധതയ്ക്കും വിശ്വാസ്യതയ്ക്കും ഒരു കോട്ടവും തട്ടാതിരിക്കാൻ ഇപ്പോഴത്തെ സാരഥികൾ ബദ്ധശ്രദ്ധരാണ്. രാജ്യത്ത് ദളിത് വിഭാഗത്തിൽ നിന്ന് ആദ്യമായി ഒരു രാഷ്ട്രപതി ഉണ്ടാകാൻ നിമിത്തമായതും കേരളകൗമുദിയാണ്- ചെന്നിത്തല പറഞ്ഞു.
സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ. ഗുരുദാസൻ മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി. ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്. സാബു നന്ദിയും പറഞ്ഞു.