പരബ്രഹ്മ സ്വരൂപനായ ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് തിരു അവതാരദിനം ലോകമെമ്പാടും പ്രൗഢഗംഭീരമായി ആഘോഷിച്ചു. വ്യത്യസ്തമാർന്ന പരിപാടികൾ കൊണ്ടും വിവിധങ്ങളായ കലാരൂപങ്ങൾ കൊണ്ടും കണ്ണിനും കാതിനും മനസിനും അനുഭൂതിദായകമായ അന്തരീക്ഷമായിരുന്നു ജയന്തി ആഘോഷ പരിപാടികൾ.
ലോകത്തുള്ള മലയാളികൾ ആകമാനം യാതൊരുതരത്തിലുള്ള അതിർവരമ്പുകളുമില്ലാതെ ഗുരുദർശനം പഠിക്കുകയും പ്രചരിപ്പിക്കുകയും അനുഭവിക്കുകയുമായിരുന്നു. ആയിരക്കണക്കിന് സ്ഥലങ്ങളിൽ നൂറുകണക്കിന് സംഘടനകൾ ജയന്തിദിന പരിപാടികൾ സംഘടിപ്പിക്കുകയും ജാതിമതഭേദമില്ലാതെ ലക്ഷക്കണക്കിന് ഗുരുദേവഭക്തർ പങ്കെടുക്കുകയും ചെയ്തു. കേരളത്തിന്റെ മുക്കിലും മൂലയിലും ഗുരുദേവദർശനത്തിന്റെ പ്രഭാകിരണങ്ങൾ സംഗീതാത്മകമായി പ്രസരിക്കുകയായിരുന്നു. കേരളത്തിലെ പൊതുമണ്ഡലത്തിലെ നായകന്മാരെല്ലാം ജയന്തി ദിനത്തിൽ അവരവരുടെ വീക്ഷണത്തിൽ നിന്നുകൊണ്ടുള്ള പഠനവും ചർച്ചകളും നടത്തി. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മന്ത്രിമാരും മറ്റു ഭരണാധികാരികളും സാംസ്കാരിക നായകന്മാരും സമുദായ സംഘടനാ നേതാക്കന്മാരും ജഡ്ജിമാരും പരിസ്ഥിതി പ്രവർത്തകരും അദ്ധ്യാപകരും ഉദ്യോഗസ്ഥരും പ്രാദേശിക പൊതുപ്രവർത്തകരും വാർഡ് മെമ്പർമാരും ജയന്തിദിനത്തിൽ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ഒാരോരുത്തരും അവർ കണ്ട ഗുരുവിനെ അനാവരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അവിടെയാണ് ഗുരുവിന്റെ ഏകലോക മാനവികതയുടെ സൈദ്ധാന്തികത അടങ്ങിയിരിക്കുന്നത്.
ഏതൊരു മനുഷ്യനും ജീവിത വിജയത്തിന് ആശ്രയിക്കാവുന്നത് ഗുരുദർശനമാണ്. അവിടെ മതമില്ല. അവിടെയാണ് ഗുരു പറഞ്ഞത് 'പലമത സാരവുമേകം'. രാഷ്ട്രപതി 17-ാം ലോക്സഭയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞത് ഇനി മുതൽ ഇന്ത്യാ മഹാരാജ്യം മുന്നോട്ടു കുതിക്കുന്നത് ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന ഗുരുസന്ദേശത്തിന്റെ വെളിച്ചത്തിലായിരിക്കും എന്നാണ്. ഇന്ത്യ ഉണരുകയാണ്, തിരിച്ചറിയുകയാണ്. ശാന്തിയും സമാധാനവും വികസനവും വളർച്ചയും പരസ്പരപൂരകങ്ങളാവണം. അതിന് ശക്തമായ ആദ്ധ്യാത്മികതയുടെ അടിത്തറയുണ്ടാവണം. അത് പ്രായോഗിക രാഷ്ട്രീയ സാമ്പത്തിക സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുമാവണം. അതിന് സാംസ്കാരിക പാരിസ്ഥിതിക പിൻബലവുമുണ്ടാവണം. അത് അറിവിന്റെ വെളിച്ചത്തിലൂടെയാവണം. ആ നിലയിൽ കരുതലോടെയുള്ള മതാതീത ദർശനത്തിന് മാത്രമേ ഇന്ന് ഇന്ത്യയിലും ലോകത്തിലുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ എന്ന തിരിച്ചറിവാണ് പാർലമെന്റിൽ പ്രതിധ്വനിച്ചത്.
ഭീകരതയുടെ തീക്ഷ്ണമായ ഭാവങ്ങളെ നിരന്തരം നേരിടുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു രാഷ്ട്രമാണ് നമ്മുടേത്. അതിനെ പ്രതിരോധിക്കാൻ ഒാരോ നിമിഷവും നമ്മുടെ സൈന്യം നിതാന്ത ജാഗ്രതയിലുമാണ്. അതിനുവേണ്ടി ചെലവഴിക്കേണ്ടിവരുന്ന മനുഷ്യപ്രയത്നം, സമ്പത്ത്, തിരിച്ചുകിട്ടാത്ത സമയം ഇതെല്ലാം തന്നെ ലോകരാജ്യങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ഇൗ പ്രശ്നങ്ങൾക്കൊന്നും നാളിതുവരെ പരിഹാരം കാണാൻ ഒരു തത്വസംഹിതകൾക്കും മതഗ്രന്ഥങ്ങൾക്കും കഴിഞ്ഞിട്ടില്ല. ക്രൈസ്തവർ മാത്രമുള്ള ദക്ഷിണാഫ്രിക്കയിലെ വെളുത്തവരും കറുത്തവരും തമ്മിൽ നടക്കുന്ന യുദ്ധം ലക്ഷക്കണക്കിന് മനുഷ്യജീവനുകൾ കുരുതി കൊടുത്തു. മുസ്ളിം രാഷ്ട്രങ്ങളായ ഇറാനും ഇറാക്കും തമ്മിൽ നടക്കുന്ന യുദ്ധത്തിലും കൊലചെയ്യപ്പെട്ടവരുടെ എണ്ണം അജ്ഞാതമാണ്. ഭാരതത്തിൽ തന്നെ വടക്കേ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സവർണവിഭാഗം അവർണനെ നിഷ്കരുണം പീഡിപ്പിക്കുന്നു. നമ്മുടെ കേരളത്തിലെ പാലായിൽ പോലും രണ്ടുവിഭാഗം ക്രൈസ്തവർ ഉഗ്രപ്രതാപികളായി പരസ്പരം വെല്ലുവിളിക്കുന്നു. ചുരുക്കത്തിൽ മതങ്ങൾക്ക് സ്വന്തം അണികളെപ്പോലും ശരിയുടെ വെളിച്ചത്തിലേക്ക് നയിക്കാൻ കഴിയുന്നില്ല. ഇവിടെയാണ് മഹാഗുരുവിന്റെ വിശ്വമാനവിക സന്ദേശത്തിന്റെ ആഴത്തിലുള്ള പഠനം വേണ്ടിവരുന്നത്.
മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവിന്റെ വിശ്വമാനവിക സന്ദേശമാണ് ലോകത്ത് പ്രചരിപ്പിക്കേണ്ടത്. ഇൗ വർഷത്തെ ജയന്തി ആഘോഷത്തിന്റെ ഉൗർജ്ജവും അതാണ്. ശ്രീനാരായണ ഗുരുദേവൻ തിരു അവതാരമെടുത്ത കേരളവും ഇന്ന് ആശങ്കയുടെ നിഴലിലാണ്. പീഡിപ്പിക്കപ്പെടുന്ന ബാല്യവും ചുവടുറയ്ക്കാത്ത യുവത്വവും സുരക്ഷിതമല്ലാത്ത സ്ത്രീത്വവും അവഗണിക്കപ്പെടുന്ന വാർദ്ധക്യവും നമ്മെ തെല്ലൊന്നുമല്ല വേട്ടയാടുന്നത്. വിണ്ടുകീറുന്ന ഭൂമിയും ദാഹജലത്തിന്റെ ദൗർലഭ്യവും അതിവർഷവും ഉരുൾപൊട്ടലുമെല്ലാം എന്തിന്റെയൊക്കെയോ സൂചനയാണ്. ഇതിനെ മറികടക്കാൻ ഒരാെറ്റ പ്രത്യയശാസ്ത്രം മാത്രമാണ് ഉള്ളത്. ഗുരുവിന്റെ വഴി; അവിടെയില്ലാത്ത പരിഹാരമില്ല. അവിടെ കാണാത്ത പ്രപഞ്ചസത്യമില്ല. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ധർമ്മത്തിന്റെയും മാർഗത്തിലൂടെ നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. ഇൗ ജയന്തി ആഘോഷം മുതൽ നമുക്ക് പ്രതിജ്ഞയെടുക്കാം. ഗുരുവിന്റെ വഴിയിലൂടെ എല്ലാവരെയും എല്ലായ്പ്പോഴും ശരിപക്ഷത്തേക്ക്.
ഒാം ശ്രീനാരായണ പരമ ഗുരുവേ നമഃ