university-college

തിരുവനന്തപുരം: ടൈംടേബിൾ അഡ്ജസ്റ്റ്മെന്റിനെക്കുറിച്ചറിയാൻ നൽകിയ വിവരാവകാശ അപേക്ഷയിൽ വിവരങ്ങൾ നൽകാതിരിക്കാൻ വിവരാവകാശ ഓഫീസറെ തന്നെ മാറ്രിയ യൂണിവേഴ്സ്റ്റി കോളേജ് അധികൃതരുടെ നടപടി വിവാദത്തിൽ. വ്യാജ മറുപടി നൽകാനുള്ള സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് കോളേജിലെ വിവരാവകാശ ഓഫീസറെ ആ സ്ഥാനത്തുനിന്ന് മാറ്റിയത്. കോളേജിൽ അധികമുള്ള അദ്ധ്യാപകരുടെ എണ്ണം, നിലവിൽ ഒാരോ ഡിപ്പാർട്ട്മെന്റുകളിലേയും വർക്ക് ലോഡ്, ഒാരോ ഡിപ്പാർട്ട്മെന്റിലും അദ്ധ്യാപകർ പഠിപ്പിക്കുന്നത് എത്ര മണിക്കൂർ തുടങ്ങി കാര്യങ്ങൾ അന്വേഷിച്ചായിരുന്നു വിവരാവകാശ അപേക്ഷ കോളേജിലെത്തിയത്.

ഇതിനായി ഒാരോ വകുപ്പ് തലവന്മാരിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നതിനായി വിവരാവകാശ ഒാഫീസറായ അദ്ധ്യാപകൻ ബന്ധപ്പെട്ട മേലുദ്യാഗസ്ഥനെ സമീപിച്ചു. എന്നാൽ, എല്ലാം ശരിയാണെന്ന തരത്തിലുള്ള മറുപടി നൽകാനായിരുന്നുവത്രേ അദ്ദേഹത്തിന്റെ നിർദേശം. എന്നാൽ, അതിന് തയാറല്ലെന്ന് വിവരാവകാശ ഓഫീസറായ അദ്ധ്യാപകൻ അറിയിച്ചു. തുടർന്ന് മേലുദ്യോഗസ്ഥൻ വിഷയം ആഗസ്റ്റ് 20ന് കൂടിയ കോളേജ് കൗൺസിലിൽ ചർച്ചയ്ക്ക് വച്ചു. വിവരാവകാശ അപേക്ഷ കൗൺസിലിൽ ചർച്ചയ്ക്ക് വയ്ക്കുന്നത് ചട്ടലംഘനമാണ്. അത് മറച്ചുവച്ചാണ് കൗൺസിലിന് മുമ്പാതെ ഇതെത്തിയത്.

കോളേജിൽ പല ഡിപ്പാർട്ട്മെന്റുകളിലും അദ്ധ്യാപകർ അധികമുണ്ടെന്നും അവരെ സംരക്ഷിക്കാൻ പുതിയ കോഴ്സുകൾക്ക് അപേക്ഷ നൽകണമെന്നും കൗൺസിലിൽ നിർദേശമുണ്ടായി. ഉദാഹരണത്തിന് ഫിസിക്സ് വിഭാഗത്തിൽ അധിക അദ്ധ്യാപകരുണ്ടെങ്കിൽ ഒപ്ടോ ഇലക്ട്രോണിക്സോ നാനോ ടെക്നോളജിയോ അനുവദിച്ച് കിട്ടിയാൽ അധികമുളള അദ്ധ്യാപകരെ നിലനിറുത്തുന്നതിനൊപ്പം പുതിയ തസ്തികകൾ സൃഷ്ടിക്കാനും സാധിക്കും.

ഓരോ ഡിപ്പാ‌ർട്ട്മെന്റിലേയും അദ്ധ്യാപകരെ എങ്ങനെ നിലനിറുത്താം എന്നതിന് കൃത്യമായി വർക്ക് ലോഡ് വിഭജിച്ച് നൽകാൻ കൗൺസിൽ യോഗത്തിൽ പ്രിൻസിപ്പൽ വകുപ്പ് തലവന്മാരോട് ആവശ്യപ്പെട്ടു. തുടർന്ന് വിവരാവകാശ ഓഫീസറായ അദ്ധ്യാപകനെ ആ സ്ഥാനത്തുനിന്ന് മാറ്രി മറ്റൊരാളെ നിയമിക്കുകയും ചെയ്തു. ഈ കൗൺസിൽ യോഗത്തിൽ മാറ്റപ്പെട്ട അദ്ധ്യാപകൻ പങ്കെടുത്തിരുന്നില്ല. അതേസമയം, വിവരാവകാശ ഓഫീസർ സ്ഥാനത്തുനിന്ന് മാറ്രിക്കൊണ്ടുള്ള കോളേജിന്റെ ഉത്തരവ് ഇതുവരെ ഈ അദ്ധ്യാപകന് നൽകിയിട്ടില്ലെന്നും സൂചനയുണ്ട്.