hashish

വിതുര: പരിശോധനകൾ കുറഞ്ഞതോടെ മലയോര മേഖലയിൽ വീണ്ടും ലഹരിമാഫിയ പിടിമുറുക്കുന്നതായി പരാതി. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവും പാൻമസാലയും വൻതോതിൽ ഒഴുകുകയാണെങ്കിലും നടപടികളില്ലെന്ന് ആക്ഷേപമുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നു വൻതോതിൽ പാൻമസാലകളും മറ്റ് ലഹരി പദാർത്ഥങ്ങളും ഇവിടേക്ക് എത്താൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. വളരെ കുറഞ്ഞ വിലയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കുന്ന പാൻമസാലകൾക്ക് ഇവിടെ അൻപത് രൂപ മുതൽ വില ഈടാക്കുന്നതായാണ് വിവരം. അമിതലാഭം ലഭിക്കുന്നതിനാൽ വില്പനയ്ക്ക് യുവ സംഘങ്ങൾ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് സജീവമാണ്. കഞ്ചാവ് വില്പനക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നല്കിയിട്ടും ലഹരിവസ്തുക്കൾ ഇവിടെ സജീവമാണ്. ലഹരി മാഫിയ സ്കൂൾ വിദ്യാർത്ഥികളെ ചൂഷണം ചെയ്ത് വില്പനയ്ക്ക് ഉപയോഗിക്കുന്നതായും പരാതിയുണ്ട്. ലഹരി വസ്തുക്കളുടെ വില്പനയ്ക്കിടെ വിതുരയിലെ പല ഭാഗത്തുനിന്നും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടുകയും ചെയ്തു. കഞ്ചാവ് വില്പനയിലൂടെ മികച്ചവരുമാനം ലഭിക്കുന്നത് ബൈക്കുകളിൽ കറങ്ങുന്ന യുവാക്കൾക്ക് കൂടുതൽ പ്രചോദനം നല്കുന്നുവെന്നാണ് അധികൃതർ പറയുന്നത്.

ടൂറിസം മേഖലയിലും ലഹരി പടരുന്നു

പൊൻമുടിയിലും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലും എത്തുന്നവർക്ക് കഞ്ചാവും പാൻമസാലകളും എത്തിക്കാൻ പ്രത്യേകസംഘങ്ങൾ തന്നെയുണ്ട്. ഇവിടങ്ങളിൽ നാടൻചാരായവും സുലഭമായി ഒഴുകുകയാണ്. ഈയിടെ കല്ലാർ മേഖലയിൽ ബൈക്കിലെത്തി ടൂറിസ്റ്റുകൾക്ക് കഞ്ചാവ് വില്ക്കുന്നതിനിടയിൽ ഒരു യുവാവിനെയും തലസ്ഥാനത്ത് ഹാഷിഷ് വില്പന നടത്തുന്നതിനിടയിൽ ആര്യനാട്, തൊളിക്കോട് സ്വദേശികളായ മൂന്ന് പേരെയും അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലയോര മേഖലയിൽ വൻതോതിൽ ലഹരിപദാർത്ഥങ്ങൾ ഒഴുകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഒാണത്തിന് വൻ വിൽപ്പന

ഒാണനാളുകളിൽ ടൂറിസം മേഖലകളിൽ വൻതോതിൽ ലഹരി പദാർത്ഥങ്ങൾ വിറ്റഴിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. കഞ്ചാവിന് പുറമേ നാടൻചാരായവും വൻതോതിൽ ഒഴുകി. കഞ്ചാവിന് പുറമേ പ്ലാസ്റ്റിക് കവറുകളിൽ നിറച്ച നാടൻ ചാരായവും പൊൻമുടി, കല്ലാർ, ബോണക്കാട്, പേപ്പാറ മേഖലകളിൽ നിറഞ്ഞൊഴുകി.