ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് മഹാസമാധിദിനം 21ന് (കന്നി 5) ശിവഗിരിമഠത്തിൽ ഭക്തിസാന്ദ്രമായി ആചരിക്കും. രാവിലെ മഹാസമാധിയിലും ശാരദാമഠത്തിലും വിശേഷാൽ പൂജകൾക്കു ശേഷം ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, ഹോമം എന്നിവയും നടക്കും. രാവിലെ 8 മുതൽ കല്യാണി ഷൈലേഷിന്റെ വയലിൻ കച്ചേരി, 9.30ന് മഹാസമാധി സമ്മേളനം കേന്ദ്രമന്ത്റി ആർ.കെ. സിംഗ് ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. ഖജാൻജി സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂർപ്രകാശ് എം.പി, വി. ജോയി എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് എന്നിവർ സംസാരിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ നന്ദിയും പറയും. 11 മുതൽ സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണം. 2.30ന് ശാരദാമഠത്തിൽ നിന്നു കലശം എഴുന്നള്ളത്ത് വൈദികമഠം, ബോധാനന്ദസ്വാമി സമാധി വഴി മഹാസമാധിയിലേക്ക് നീങ്ങും. തുടർന്ന് സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരുടെ നേതൃത്വത്തിൽ മഹാസമാധിപൂജയും കലശാഭിഷേകവും നടക്കും. തുടർന്ന് ആരതി, സമൂഹപ്രാർത്ഥന എന്നിവയോടെ മഹാസമാധി ദിനാചരണം സമാപിക്കും.