വെള്ളറട: സ്‌കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂളിനു സമീപമുള്ള വെയിറ്റിംഗ് ഷെഡിൽ നിന്നു ആര്യങ്കോട് പൊലീസ് പിടികൂടി. കോട്ടയം വൈക്കം പനങ്ങാട് ക്ഷേത്രത്തിനു സമീപം അനന്തലാൽ ഹൗസിൽ ജിതിനാണ് (19) പിടിയിലായത്. ഇയാളിൽ നിന്ന് രണ്ടു പൊതികളിലായി കൊണ്ടുവന്ന 550 ഗ്രാം കഞ്ചാവ് കണ്ടെത്തി. റൂറൽ എസ്.പി മധു, നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആര്യങ്കോട് സ്റ്റേഷൻ എസ്.എച്ച്.ഒ സജീവ്, എസ്.ഐ സജി .ജി.എസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവുകടത്ത് സംഘത്തിലെ പ്രധാനിയാണ് ജിതിനെന്ന് പൊലീസ് പറഞ്ഞു. മറ്റു പ്രതികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.