വെള്ളറട: സഹ്യപർവതത്തിന്റെ ഭാഗമായ കൂനിച്ചി, കൊണ്ടകെട്ടി മലനിരകളെ ഖനനം ചെയ്യാൻ നടക്കുന്ന നീക്കത്തിനെതിരെ സഹ്യപർവത സംരക്ഷണ സമിതി നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നാടുണർത്തൽ ജാഥ സംഘടിപ്പിക്കും. സമിതിയുടെ നേതൃത്വത്തിൽ 21ന് ഉച്ചയ്ക്ക് 2.30ന് കൂതാളി ജംഗ്ഷനിലെ സമര മാവിൻ ചുവട്ടിൽ നിന്നും പ്ളാങ്കുടി കാവിലേക്ക് സമര മാവ് പൂക്കുമ്പോൾ എന്ന പേരിലാണ് നാടുണർത്തൽ ജാഥ സംഘടിപ്പിക്കുന്നത്. പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പുരോഗമന കലാസാഹിത്യ സംഘം നേതാക്കളായ ഷാജി എൻ. കരുൺ, പ്രൊഫസർ വി.എൻ. മുരളി, വിനോദ് വൈശാഖി, കാരയ്ക്കാമണ്ഡപം വിജയകുമാർ, സി. അശോകൻ, ഡോ. എം.എ. സിദ്ദിഖ്, വി.എസ്. ബിന്ദു, സി.എസ്. ചന്ദ്രിക, വിനിത വിജയൻ, ബിജുബാലകൃഷ്ണൻ, കെ.ജി. സൂരജ് തുടങ്ങിയവർ സംസാരിക്കും.