തിരുവനന്തപുരം: യൂണിയൻ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക തള്ളിയതിനെ ചൊല്ലി യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിവാദം. കെ.എസ്.യു, എ.ഐ.എസ്.എഫ്, ഫ്രറ്റേണിറ്റി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികയാണ് ഇന്നലെ സൂക്ഷ്മപരിശോധനയിൽ പൂർണമായും തള്ളിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് വരെയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം. കെ.എസ്.യു ആറ് ജനറൽ സീറ്റുകളടക്കം ഏഴ് സീറ്റിലേക്കും എ.ഐ.എസ്.എഫ് രണ്ട് ജനറൽ സീറ്റുകളടക്കം മൂന്ന് സീറ്റിലേക്കും ഫ്രറ്റേണിറ്റി രണ്ട് ജനറൽ സീറ്റിലുമാണ് പത്രിക നൽകിയത്. ചട്ടപ്രകാരമല്ല നാമനിർദ്ദേശ പത്രിക പൂരിപ്പിച്ചതെന്നും പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മപരിശോധനയിൽ പത്രികകൾ തള്ളിയത്. രണ്ട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ എസ്.എഫ്.ഐയുടെ ഒരു പത്രികയും തള്ളിയിട്ടുണ്ട്. നിസാര കാരണം പറഞ്ഞ് ബോധപൂർവം പത്രിക തള്ളുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ്, കെ.എസ്.യു യൂണിയൻ ഭാരവാഹികൾ ആരോപിച്ചു. വിജ്ഞാപനപ്രകാരമുള്ള ചട്ടങ്ങൾ പാലിച്ചാണ് പത്രിക സമർപ്പിച്ചതെന്നും കുത്ത്, കോമ തുടങ്ങിയവ ഇട്ടില്ല, ചെയർമാൻ സ്ഥാനത്തിന് മുന്നിൽ 'ദി' എന്ന് ചേർത്തില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് പത്രിക തള്ളിയതെന്നും ഒരു സംഘം അദ്ധ്യാപകർ ഇതിന് കൂട്ടുനിന്നെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു ഭാരവാഹികൾ പറഞ്ഞു. ഫസ്റ്റ് ഇയർ പി.ജി റെപ്പ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എ.ഐ.എസ്.എഫ് സ്ഥാനാർത്ഥി ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥി നാദിറയുടെ പത്രികയും തള്ളിയതിൽപ്പെടും. ഓഫീസ് സീൽ ഇല്ലെന്ന നിസാര കാരണം പറഞ്ഞാണ് പത്രിക തള്ളിയതെന്നും പത്രിക തള്ളിയതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എ.ഐ.എസ്.എഫ് ഭാരവാഹികൾ അറിയിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിൽ തെറ്റുള്ള മുഴുവൻ പത്രികകളും തള്ളിയെന്നും പത്രിക തള്ളിയതിൽ ക്രമക്കേടുണ്ടെന്ന വിദ്യാർത്ഥികളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വൈസ് പ്രിൻസിപ്പൽ അദ്ധ്യക്ഷനായ പരാതിപരിഹാര സെല്ലിന് പരാതി നൽകാൻ നിർദ്ദേശം നൽകിയതായും റിട്ടേണിംഗ് ഓഫീസർ രഘുനാഥൻ പിള്ള പറഞ്ഞു. ഇന്ന് രാവിലെ 11 വരെയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം. നിസാര കാരണം പറഞ്ഞ് ബോധപൂർവമാണ് പത്രികകൾ തള്ളിയതെന്നും കോടതിയെ സമീപിക്കുമെന്നും എ.ഐ.എസ്.എഫ് ഭാരവാഹികൾ പറഞ്ഞു.