തിരുവനന്തപുരം: ഡോക്ടർമാർ, നഴ്‌സുമാർ, മിഡ് വൈഫുമാർ, ഡെന്റിസ്റ്റുകൾ എന്നിവരുൾപ്പെടെ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് തങ്ങളുടെ രാജ്യത്ത് രജിസ്റ്റർ ചെയ്ത് പ്രാക്ടീസ് തുടങ്ങാൻ ഇനിമുതൽ ഒറ്റ ഒ.ഇ ടി പരീക്ഷ​ മതിയെന്ന് ബ്രിട്ടൻ തീരുമാനിച്ചു. ഒക്‌ടോബർ മുതൽ സമർപ്പിക്കുന്ന എല്ലാ ടയർ 2 (ജനറൽ) വിസ അപേക്ഷകൾക്കും ഈ മാറ്റം ബാധകമായിരിക്കുമെന്ന് യുണൈറ്റഡ് കിംഗ്ഡം ഹോം ഓഫീസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇംഗ്ലീഷ് സംസാരഭാഷയായ രാജ്യങ്ങളിൽ പ്രാക്ടീസ് ആഗ്രഹിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ആശയവിനിമയ ശേഷി വിലയിരുത്തുന്ന അന്താരാഷ്ട്ര ഭാഷാപരീക്ഷയാണ് ഒ.ഇ.ടി. ഇത് പാസായവർക്ക് ടയർ 2 (ജനറൽ) വിസയ്ക്ക് നേരിട്ട് അപേക്ഷിക്കാൻ ഇനി മറ്റൊരു പരീക്ഷ എഴുതേണ്ടതില്ല. തിരുവനന്തപുരം, കൊച്ചി അടക്കമുള്ള ജില്ലകളിൽ നിന്നുൾപ്പെടെ ഒട്ടേറെ ഡോക്ടർമാരും നഴ്‌സുമാരും ഒ.ഇ.ടി പരീക്ഷയെഴുതി വിദേശത്ത് പ്രാക്ടീസിന് പോകുന്നുണ്ട്. ഇനിമുതൽ ജനറൽ വിസ ലഭിക്കാൻ രണ്ടാമതൊരു പരീക്ഷ കൂടി വേണ്ടതില്ലെന്ന തീരുമാനം ഈ മേഖലയിൽ ഉള്ളവർക്ക് വലിയതോതിൽ പ്രയോജനകരമാകും.

യു.കെ, അയർലൻഡ്, ആസ്‌ട്രേലിയ, ന്യൂസിലൻഡ്, ദുബായ്, നമീബിയ, സിംഗപ്പൂർ, ഉക്രെയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ടെസ്റ്റുകൾ നിർബന്ധമാണ്. റിക്രൂട്ടർമാർ, തൊഴിലുടമകൾ, പരീക്ഷാർത്ഥികൾ എന്നിവർക്കിടയിൽ പ്രചാരം വർദ്ധിക്കുന്ന ഒ.ഇ.ടി ടെസ്റ്റ് റിസൾട്ടുകൾ ഈ രാജ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. ആസ്‌ട്രേലിയ,​ ന്യൂസിലൻഡ് എന്നിവിടങ്ങളിൽ വിസ, ഇമിഗ്രേഷൻ എന്നിവയ്ക്കും ഒ.ഇ.ടി അംഗീകരിച്ചിട്ടുണ്ട്.