sep18e

ആറ്റിങ്ങൽ: ജോലിയുടെ ഭാഗമായി ആറ്റിങ്ങലിലെത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ പാറശാല പരശുവയ്ക്കൽ " അവിട്ട "ത്തിൽ അജിത കളഞ്ഞു കിട്ടിയ 15,​400 രൂപ ആറ്റിങ്ങൽ പൊലീസിന്റെ സഹായത്തോടെ ഉടമക്ക് തിരിച്ചുനൽകി മാതൃകയായി. രാവിലെ ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ എത്തിയ അജിതയ്ക്ക് സ്ഥാപനത്തിന് മുന്നിൽ നിന്നാണ് പണമടങ്ങുന്ന പഴ്സ് ലഭിച്ചത്. പഴ്സിനുള്ളിൽ ഉടമയെ സംബന്ധിച്ച സൂചനകൾ ഒന്നും ഇല്ലാതിരുന്നതിനാൽ വിവരം ആറ്റിങ്ങൽ പൊലീസിൽ അറിയിക്കുകയും പണം സ്റ്റേഷനിൽ നൽകുകയുമായിരുന്നു. പഴ്‌സിനുള്ളിൽ നിന്നും ലഭിച്ച ചില നമ്പരുകൾ വഴി പൊലീസ് ഉച്ചയോടെ പണത്തിന്റെ ഉടമ ചിറയിൻകീഴ് മുടപുരം ദേവിക നിവാസിൽ ദേവദാണെന്ന് തിരിച്ചറിഞ്ഞു. ഇയാൾ ഭാര്യക്കൊപ്പം ആറ്റിങ്ങലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വരും വഴിയാണ് പഴ്സ് നഷ്ടമായത്. തുടർന്ന് പൊലീസ് അജിതയെ വിളിച്ചു വരുത്തി അവരെ കൊണ്ട് തന്നെ ഉടമയ്ക്ക് പഴ്സ് കൈമാറുകയായിരുന്നു.