ചിറയിൻകീഴ്: പത്രാധിപർ കെ. സുകുമാരന്റെ സ്മരണയ്ക്കായി അടുത്ത അദ്ധ്യയന വർഷം മുതൽ ഡിഗ്രി തലത്തിൽ ഒന്നു മുതൽ മൂന്നു വരെയുള്ള റാങ്കുകൾ കരസ്ഥമാക്കുന്ന ചിറയിൻകീഴ് താലൂക്കുകാരായ വിദ്യാർത്ഥികൾക്കു പത്രാധിപരുടെ പേരിൽ കാഷ് അവാർഡും ഷീൽഡും ഏർപ്പെടുത്തുമെന്നു ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ പറഞ്ഞു. സഭവിള ശ്രീനാരായണാശ്രമത്തിൽ പത്രാധിപർ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസപരമായ വളർച്ചയ്ക്കും കേരളകൗമുദിയിലൂടെ പത്രാധിപർ നൽകിയ നിസ്തുലമായ സേവനങ്ങളുടെ സ്മരണാർത്ഥമാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും പത്രാധിപരുടെ അടുത്ത ചരമവാർഷികത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്നും വിഷ്ണുഭക്തൻ അറിയിച്ചു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയുടെ അദ്ധ്യക്ഷതയിൽ യോഗം കൗൺസിലർ ഡി. വിപിൻരാജ് പത്രാധിപർ അനുസ്മരണ പ്രഭാഷണം നടത്തി. സമുദായത്തിന്റെ ഒത്തൊരുമയ്ക്കും വളർച്ചയ്ക്കും കേരളകൗമുദി പിന്തുടരുന്ന നിലപാടുകൾ അവിസ്മരണീയമാണെന്നു ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി അജി .എസ്. ആർ.എം പറഞ്ഞു. ഡോ. ബി. സീരപാണിയുടെ നേതൃത്വത്തിൽ പത്രാധിപരുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി. കൃത്തി ദാസ്, ഡി. ചിത്രാംഗദൻ, വക്കം സജി, എസ്. സുന്ദരേശൻ, അജീഷ് കടയ്ക്കാവൂർ, ഡോ. ജയലാൽ, ഉണ്ണിക്കൃഷ്ണൻ, അജി കീഴാറ്റിങ്ങൽ എന്നിവർ സംസാരിച്ചു.