traffic-rules

തിരുവനന്തപുരം: ട്രാഫിക്‌ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന്ന കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുടെ മാതൃക സ്വീകരിക്കാൻ ഗതാഗത വകുപ്പ് തത്വത്തിൽ തീരുമാനിച്ചു. കേന്ദ്രനിയമം അതേപടി നടപ്പിലാക്കാതെ പിഴ കുറച്ച് ഉത്തരവിറക്കിയ മണിപ്പൂർ, കർണാടക സർക്കാരുകളുടെ മാതൃകയാണ് പരിഗണിച്ചത്. മണിപ്പൂർ മാതൃകയാണ് കൂടുതൽ സ്വീകാര്യമായത്.

കേന്ദ്ര നിയമ പ്രകാരമുള്ള കൂടിയ നിരക്ക് അപ്പാടെ തള്ളി, 90 ശതമാനം വരെ കുറച്ച നിരക്കിൽ ഗുജറാത്ത് സർക്കാർ ഇറക്കിയ ഉത്തരവിന്റെ മാതൃക പിന്തുടരേണ്ടതില്ലെന്നാണ്‌ തീരുമാനം. ഇക്കാര്യം അടങ്ങിയ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്കു നൽകും. റിപ്പോർട്ടും അതിന്മേലുള്ള നിയമവകുപ്പിന്റെ നിലപാടും അറിയുന്നതിനായി ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായാൽ തിങ്കളാഴ്ച പുതിയ വിജ്ഞാപനം പുറത്തിറങ്ങും.

ചില നിയമലംഘനങ്ങളിൽ പിഴത്തുക കേന്ദ്രനിയമത്തിലുള്ളതിനെക്കാൾ പകുതി കുറച്ചാണ് മണിപ്പൂർ സർക്കാർ ഉത്തരവിറക്കിയത്.

സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് കൂടിയാലോചനയില്ലാതെയാണ് കേന്ദ്രനിയമം അതേപടി നടപ്പിലാക്കുന്നതിനായി ആഗസ്റ്റ് 31ന് വിജ്ഞാപനം ഇറക്കിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നതായി സെപ്തംബർ 7ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അടുത്ത ദിവസം മുഖ്യമന്ത്രി ഇടപെട്ട് ഓണക്കാലത്തെ പുതിയ നിരക്കിലെ വാഹന പരിശോധന വേണ്ടെന്ന് നിർദ്ദേശിച്ചു. ഓണം കഴിഞ്ഞതോടെ പിഴ ഈടാക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന പൊലീസ്, മോട്ടോർ വാഹന വകുപ്പ് മേധാവികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ശനിയാഴ്ച യോഗം ചേരുന്നത്.

കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുള്ള തുക പിഴയായി നിജപ്പെടുത്താമെന്നാണ് നിയമ വകുപ്പ് ഗതാഗതവകുപ്പിന് നൽകിയ ഉപദേശം. അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ ആയിരമോ 1100 രൂപയോ ഈടാക്കുന്ന രീതിയിലാകും മാറ്റം.

മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് പിഴയായി ഈടാക്കുന്നത്.

കുറ്റം കേന്ദ്രനിയമത്തിലെ പിഴ മണിപ്പൂരിലെ പിഴ

അമിതവേഗത 2000 - 4000 1000 - 2000

രജിസ്ട്രേഷൻ ഇല്ലാത്ത

വാഹനം ഓടിച്ചാൽ 10,000 2000 - 5000

നിരോധിത മേഖലയിൽ

ഹോൺ ഉപയോഗം 2000 1000

വരുമാനം കൂടും പക്ഷേ...

നിയമം നടപ്പിലാക്കിയാൽ മോട്ടോർ വാഹന വകുപ്പിനും പൊലീസിനും വലിയ വരുമാന വർദ്ധന ഉണ്ടാകുമെന്ന കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശനിയാഴ്ച മുഖ്യമന്ത്രിക്കു മുന്നിൽ അവതരിപ്പിക്കും. നിയമം നടപ്പിലാക്കിയ ആദ്യം ആറു നാളുകളിൽ 64 ലക്ഷം രൂപയാണ് പിഴയായി ലഭിച്ചത്. പാലാ ഉപതിരഞ്ഞെടുപ്പും ഭാവിയിൽ വരുന്ന തിരഞ്ഞെടുപ്പുകളുമാണ് നിയമത്തിൽ ഇളവുവരുത്താൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. അമിത പിഴ ഈടാക്കി പരിശോധന കർശനമാക്കിയാൽ അപകടങ്ങളും അക്രമ സംഭവങ്ങളും ഉണ്ടാകാമെന്ന് ഇന്റലിജൻസ്‌ റിപ്പോർട്ടുമുണ്ട്.