train-

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷൻ വിഭജിച്ച് നേമം - തിരുനെൽവേലി 160 കിലോമീറ്റർ പാത മധുര ഡിവിഷന് കൈമാറണമെന്ന് ദക്ഷിണ റെയിൽവേ വിളിച്ച എം.പിമാരുടെ യോഗത്തിൽ തമിഴ്നാടിന്റെ എം.പിമാർ ആവശ്യപ്പെട്ടു. ഈ പാതയ്‌ക്ക് പകരം മധുര ഡിവിഷനിലെ കൊല്ലം - പുനലൂർ പാത തിരുവനന്തപുരത്തിന് കൈമാറണമെന്ന നിർദ്ദേശം മൂന്ന് വർഷമായി നിലവിലുണ്ട്. ഇതാണ് തമിഴ്നാട് ആയുധമാക്കിയത്. കേരള എം.പിമാർ ഇതിനെ എതിർത്തു.

കൊല്ലം, തൃശൂർ, കോഴിക്കോട് എറണാകുളം സൗത്ത് സ്റ്റേഷനുകളെ ലോക നിലവാരത്തിലാക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകി.

തൈക്കാട് ഗസ്റ്റ് ഹൗസിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രാഹുൽ ജയിനിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കേരളത്തിലെ രാജ്യസഭാംഗങ്ങളടക്കമുള്ള എം.പിമാർ പങ്കെടുത്തു. രാവിലെ 10ന് ആരംഭിച്ച യോഗം വൈകിട്ട് 4.30നാണ് അവസാനിച്ചത്. സംസ്ഥാന മന്ത്രിമാർ പങ്കെടുത്തില്ല.

കേരളത്തിന്റെ ആവശ്യങ്ങളോട് തണുത്ത നിലപാടായിരുന്നു റെയിൽവേയ്‌ക്ക്. കൂടുതൽ കോച്ചുകൾ അനുവദിച്ചില്ല. ഉദ്പാദനത്തിന്റെ പരിമിതിയാണ് കാരണം. കൊച്ചുവേളിയിൽ അവസാനിക്കുന്ന ട്രെയിനുകൾ തിരുവനന്തപുരത്തേക്ക് നീട്ടാത്തത് സ്ഥലപരിമിതി മൂലമാണത്രേ. നേമം സെക്കൻഡ് ടെർമിനലിന്റെ പദ്ധതിരേഖ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും എത്രയും വേഗം നടപ്പാക്കാൻ ശ്രമിക്കുമെന്നും അറിയിച്ചു. ബംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിച്ചില്ല. നിലവിൽ ബംഗളൂരുവിലേക്കും തിരിച്ചും 30 ഓളം ട്രെയിനുകൾ ഉണ്ട്.

എം.പിമാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ


പുതിയ ട്രെയിനുകളും അധിക സ്റ്റോപ്പുകളും
നിലമ്പൂർ - വയനാട്‌ - നഞ്ചൻകോട് പാത
ഗുരുവായൂർ - പുനലൂർ- പാസഞ്ചർ ഇന്റർസിറ്റിയായി മധുരയിലേക്ക് നീട്ടണം
ധൻബാദ് - ആലപ്പുഴ, പൂനെ - എറണാകുളം,​ അജ്മീർ - എറണാകുളം എക്‌സ്‌പ്രസുകൾ കൊല്ലത്തേക്ക് നീട്ടണം
ഷൊർണൂർ പാലക്കാട് ലൈൻ മൂന്നുവരിയാക്കണം
ഗുരുവായൂർ - തിരുനാവായ ലൈൻ സർവേ പൂർത്തിയാക്കണം