ശ്രീകാര്യം: നിരവധി കുടുംബങ്ങൾക്ക് സഹായകമാകുന്ന ശാസ്‌താംകോണം - ഇന്ദിരാഗാന്ധി നഗർ റോഡ് ഇപ്പോഴും വാഗ്ദാനത്തിൽ ഒതുങ്ങുകയാണ്. ഇതോടെ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിന് സമീപത്തെ നിരവധി കുടുംബങ്ങൾ യാത്രാമാർഗമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. എൻജിനിയറിംഗ് കോളേജിന് പടിഞ്ഞാറുഭാഗത്തെ ജനങ്ങളാണ് കാൽ നൂറ്റാണ്ടായി ഈ ദുരിതം പേറുന്നത്. വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച റോഡ് കാടുപിടിച്ച് കിടക്കുകയാണ്. ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം എൻജിനിയറിംഗ് കോളേജ് അധികൃതർ തദ്ദേശവാസികൾക്ക് റോഡ് നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകിയിരുന്നു. നിർദ്ദിഷ്ട റോഡിന്റെ നിർമ്മാണത്തിനായി സർക്കാർ 1.10 കോടി രൂപ അനുവദിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് റോഡ് നിർമ്മാണം നീട്ടിക്കൊണ്ടു പോകുന്നെന്നാണ് നാട്ടുകാരുടെ പരാതി.
ശാസ്‌താംകോണം മുതൽ എൻജിനിയറിംഗ് കോളേജ് ഇവാഞ്ചലിക്കൽ ചർച്ചിന് സമീപം വരെയെത്തുന്ന ശാസ്‌താംകോണം - ഇന്ദിരാഗാന്ധി നഗർ റോഡ് മൂന്നുമീറ്റർ വീതിയിൽ ഒന്നര കിലോമീറ്റർ ദൂരം വരുന്നതാണ്. ഈ റോഡിന്റെ പകുതിയോളം വരുന്ന ഭാഗത്തെ നിർമ്മാണത്തിനാണ് വർഷങ്ങൾക്ക് മുമ്പ് തുക അനുവദിച്ചത്. മുമ്പ് കാൽനട യാത്രക്കാർക്ക് സഞ്ചാരയോഗ്യമായിരുന്ന ചെമ്മൺ റോഡിന്റെ ഭാഗം ഇപ്പോൾ കാട് വളർന്ന് ഇഴജന്തുക്കൾ താവളമാക്കി. ജീവഭയം കാരണം ഇവിടുത്തുകാർ എൻജിനിയറിംഗ് കോളേജ് മെൻസ് ഹോസ്റ്റൽ വഴിയാണ് ഇപ്പോൾ പോകുന്നത്. ഈ വഴിയാകട്ടെ നിറയെ മരങ്ങൾ നിറഞ്ഞു ഉഗ്ര വിഷമുള്ള പാമ്പുകളുടെ ആവാസകേന്ദ്രമാണ്. പകൽ സമയത്ത് പോലും സഞ്ചരിക്കാൻ ഭയമുള്ള ഈ വഴിയിലൂടെയാണ് സ്‌കൂൾ വിദ്യാർത്ഥികളും സ്ത്രീകളും യാത്രചെയ്യുന്നത്. താത്കാലിക യാത്രാ സൗകര്യത്തിനായി നാട്ടുകാർ മെൻസ് ഹോസ്റ്റൽ പരിസരം ഉപയോഗിക്കുന്നതിനാൽ കോളേജ് അധികൃതർക്ക് ഈ ഭാഗത്തെ ചുറ്റുമതിലിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യവുമാണ്.
കാൽ നൂറ്റാണ്ടായി പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് ഉടൻ പരിഹാരം കാണണം. നാട്ടുകാരുടെ പൊതുവികാരം കണക്കിലെടുത്ത് ശാസ്‌താംകോണം - ഇന്ദിരാഗാന്ധി നഗർ റോഡ് യാഥാർത്ഥ്യമാക്കണം. -ശ്രീകുമാരൻ നായർ ( ത്രിവേണി റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി)
അനുവദിച്ചത് 1.10 കോടി ദൂരം-1.5 കി.മീ
പ്രധാന പ്രശ്‌നങ്ങൾ
റോഡിന്റെ വശങ്ങൾ കാട് മൂടിയ നിലയിലാണ്
കാൽനട യാത്ര പോലും ദുസഹമായി
ഇഴജന്തുക്കളുടെ ശല്യവും കൂടി
ഇപ്പോൾ മെൻസ് ഹോസ്റ്റൽ പരിസരം വഴിയാണ് യാത്ര
ഇക്കാരണത്താൽ കോളേജ് അധികൃതരും ബുദ്ധിമുട്ടിലാണ്