തിരുവനന്തപുരം: പാലാരിവട്ടം ഫ്ളൈഒാവർ നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കളമശ്ശേരി എം.എൽ.എ കൂടിയായ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഹോസ്റ്റലിനകത്തോ ,സഭാകവാടം വരെയുള്ള നിയമസഭയുടെ അനുവദനീയ പരിധിക്കുള്ളിലോ ആണെങ്കിൽ മാത്രമേ വിജിലൻസിന് അദ്ദേഹത്തെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും സ്പീക്കറുടെ അനുമതി തേടേണ്ടതുള്ളൂ. ഇതിന് പുറത്ത് എവിടെ വച്ചും ചോദ്യം ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് രേഖപ്പെടുത്താനോ സ്പീക്കറുടെ അനുമതി വേണ്ടി വരില്ല. അറസ്റ്റിന് ശേഷം സ്പീക്കറെ അറിയിച്ചാൽ മതിയാകും.
സിറ്റിംഗ് എം.എൽ.എമാർക്ക് സിവിൽ കേസിൽ മാത്രമാണ് ചില പരിരക്ഷകളുള്ളള്ളത്. സിവിൽ കേസിൽ സഭാസമ്മേളനം നടക്കുന്നതിനിടയിലോ, സഭാസമ്മേളനം ചേരുന്നതിന് 40 ദിവസം മുമ്പ് വരെയോ ,സമ്മേളനം അവസാനിച്ച് 40 ദിവസം വരെയോ കസ്റ്റഡിയിലെടുക്കണമെങ്കിൽ സ്പീക്കറുടെ മുൻകൂർ അനുമതി തേടണം. ക്രിമിനൽ കേസിൽ എം.എൽ.എ നിയമസഭാകവാടത്തിന് ഉള്ളിലാണെങ്കിൽ മാത്രം അനുമതി തേടിയാൽ മതി. .
നേരത്തേ കോവളം എം.എൽ.എ എം. വിൻസന്റിനെ ക്രിമിനൽ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് സ്പീക്കറെ അറിയിച്ചത്. ഇബ്രാഹിംകുഞ്ഞിനെതിരെ ഇപ്പോൾ വിജിലൻസ് കസ്റ്റഡിയിലുള്ള മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ആരോപണമുന്നയിച്ചതോടെയാണ് അദ്ദേഹത്തെയും വിജിലൻസ് കസ്റ്റഡിയിലെടുക്കുമെന്ന അഭ്യൂഹം ശക്തമായത്. ഇബ്രാഹിംകുഞ്ഞ് ഇപ്പോൾ എം.എൽ.എ ഹോസ്റ്റലിലാണുള്ളത് എന്നാണറിയുന്നത്.