വെഞ്ഞാറമൂട്: ബാലുവിനും കുടുംബത്തിനും ജപ്തി ഭീഷണിയിൽ നിന്ന് മോചനമായി. വായ്പാ കുടിശ്ശിക തിരിച്ചടച്ചതിനാൽ ഇനി ജപ്തി ഭീഷണി ഉണ്ടാകില്ല. ഡി.കെ. മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ നിരവധി ജനപ്രതിനിധികൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു. ഇന്നലെ രാവിലെ 10ന് എം.എൽ.എയും മറ്റ് ജനപ്രതിനിധികളും വെഞ്ഞാറമൂട് ബ്രാഞ്ചിൽ എത്തി മാനേജർ അനിൽ കുമാറുമായി ചർച്ച നടത്തുകയും തുടർന്ന് ബാങ്കിന്റെ റിജിയണൽ മാനേജർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി എം.എൽ.എയുമായി സംസാരിച്ച് ലോൺ തുക 2 ലക്ഷം രൂപ അടച്ച് നടപടികൾ ഒഴിവാക്കാം എന്ന് അറിയിച്ചു. ഈ തുക ബാങ്കിൽ അടയ്ക്കാനായി പ്രമുഖ സ്വകാര്യ ചാനൽ മനേജ്മെന്റുകൾ എത്തുകയും തുടർന്ന് ഈ തുക ബാങ്കിൽ അടച്ച് ജപ്തി നടപടികൾ ഒഴിവാക്കുകയുമായിരുന്നു. നെടുമങ്ങാട് താലൂക്കിലെ കുളപ്പാറ കുന്നിൻ പുറത്ത് വീട്ടിൽ ബാലുവും കുടുംബവുമാണ് കഴിഞ്ഞ ദിവസം ജപ്തിയെ തുടർന്ന് പെരുവഴിയിലായത്. 2014ലാണ്‌ ബാലു വീട് നിർമ്മിക്കുന്നതിനായി രണ്ടര ലക്ഷം രൂപ ലോണെടുത്തത്. കുടിശ്ശിക വരുത്താതെ 90,000 രൂപ തിരിച്ചടച്ചു. ഇതിനിടെ ബാലു അസുഖബാധിതനായതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങുകയായിരുന്നു. തുടർന്ന് മുതലും പലിശയും ചേർത്ത് 2.90 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്ക് അറിയിച്ചത്. അസുഖബാധിതനായ ബാലുവിന് ഈ തുക താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ലോൺ കുടിശ്ശികയായതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്. ബാങ്ക് നോട്ടീസ് അയച്ചപ്പോൾ തന്റെയും കുടുംബത്തിന്റെയും നിസഹായാവസ്ഥ ബാങ്കിനെ അറിയിച്ചെങ്കിലും അവർ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.