റോം : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ തുടക്കം തന്നെ വമ്പൻ അട്ടിമറികളോടെ കഴിഞ്ഞരാത്രി നടന്നമത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനും മുൻ ചാമ്പ്യൻമാരായ ചെൽസിക്കും തോൽവി പിണഞ്ഞപ്പോൾ മറ്റൊരുമുൻ ചാമ്പ്യൻമാരായ ബാഴ്സലോണയ്ക്ക് ഗോൾ രഹിത സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയിരുന്നഡച്ച് ക്ളബ് അയാക്സ് മികച്ച വിജയവുമായി തുടക്കമിട്ടു.
ഇറ്റാലിയൻ ക്ളബ് നാപ്പോളിയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലിവർപൂളിനെ അട്ടിമറിച്ചത്. ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് സ്പാനിഷ് ക്ളബ് വലൻസിയ കീഴടക്കിയപ്പോൾ ബാഴ്സലോണ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട് മുണ്ടിനോടാണ് ഗോളില്ലാ സമനില സമ്മതിച്ചത്. അയാക്സ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫ്രഞ്ച് ക്ളബ് ലില്ലെയെയാണ് കീഴടക്കിയത്. ജർമ്മൻ ക്ളബ് ആർ.ബി. ലെയ്പ്സിഗ് 2-1ന് പോർച്ചുഗീസ് ക്ളബ് ബെൽഫിക്കയെയാണ് തോൽപ്പിച്ചത്. ആദ്യ റൗണ്ടിലെ ഏറ്റവും വലിയ മാർജിനിലെ വിജയത്തിന്റെ ഉടമ ആസ്ട്രിയൻ ക്ളബ് സാൽസ്ബർഗ് എഫ്.സിയാണ് . രണ്ടിനെതിരെ ആറുഗോളുകൾക്ക് ബെൽജിയൻ ക്ളബ് ജെൻകിനെയാണ് സാൽസ്ബർഗ് പറപ്പിച്ചത്.
നാപ്പോളിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ലിവർപൂളിന് അടിതെറ്റിയത്. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ സീസണിലെ എല്ലാ മത്സരങ്ങളിലും ജയം നേടി മികച്ച ഫോമിലായിരുന്ന യൂർഗൻ ക്ളോപ്പിന്റെ ശിഷ്യർ നിലവിലെ ചാമ്പ്യൻമാരെന്ന പദവിയുമായി ചാമ്പ്യൻസ് ലീഗിന്റെ ആദ്യറൗണ്ടിനിറങ്ങി. നാണംകെടുകയായിരുന്നു. അവസാന പത്തുമിനിട്ടിനുള്ളിൽ വീണ രണ്ടുഗോളുകളാണ് ലിവർപൂളിന്റെ നെഞ്ചകം തകർത്തുകളഞ്ഞത്.
82-ാം മിനിട്ടിൽ ഡ്രീസ് മെർട്ടൻ പെനാൽറ്റിയിലൂടെ നേടിയ ഗോളിനാണ് നാപ്പോളി മുന്നിലെത്തിയത്. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് ഫെർണാണ്ടോ ലോറന്റേ രണ്ടാംഗോളും നേടി. ബോക്സിനുള്ളിൽവച്ച് നാപ്പോളി താരം കല്ലേയോനെ ഫൗൾ ചെയ്ത് വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. എന്നാൽ ഇത് പെനാൽറ്റി അനുവദിക്കേണ്ട ഫൗൾ ആയിരുന്നില്ലെന്ന് മത്സരശേഷം ലിവർപൂൾ കോച്ച് യൂർഗൻ ക്ളോപ്പ് കുറ്റപ്പെടുത്തി. ആദ്യപകുതിയിൽ ഒരുതവണ നാപ്പോളി പന്ത് ലിവർപൂളിന്റെ വലയിലെത്തിച്ചിരുന്നുവെങ്കിലും റഫറി ഒഫ് സെഡ് വിളിച്ചിരുന്നു.
നാപ്പോളിക്ക് പെനാൽറ്റി കിട്ടിയത് വിജയത്തിലേക്ക് വഴിതുറന്നെങ്കിൽ അവസാനനിമിഷം കിട്ടിയ പെനാൽറ്റി പാഴാക്കി സമനിലയിലെത്താനുള്ള അവസരം നശിപ്പിച്ചു കളയുകയായിരുന്നു ചെൽസി.. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിജിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. 74-ാം മിനിട്ടിൽ റോഡ്രിഗോയിലൂടെ വലൻസിയ മുന്നിലെത്തി. 87-ാം മിനിട്ടിൽ ഹാൻഡ്ബാൾ ഫൗളിന് ലഭിച്ച പെനാൽറ്റി കിക്ക് ബാർക്കലി ബാറിന് മുകളിലേക്ക് അടിച്ചുകളഞ്ഞതോടെ പരിശീലകനായി ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങിയ ഫ്രാങ്ക് ലംപാഡിന് തോൽവിയുടെ രുചി അറിയേണ്ടിവന്നു.
സൂപ്പർ താരം ലയണൽ മെസി പരിക്ക് മാറി തിരിച്ചെത്തിയ മത്സരത്തിലാണ് ബാഴ്സലോണയ്ക്ക് ഗോളടിക്കാനാകാതെ സമനില വഴങ്ങേണ്ടിവന്നത്. ബൊറൂഷ്യയുടെ തട്ടകത്തിലാണ് മത്സരം നടന്നത്. എർലിംഗ് ഹാലാൻഡിന്റെ ഹാട്രിക് മികവിലാണ് സാൽസ്ബർഗ് 6-2ന് ജെൻകിനെ തോൽപ്പിച്ചത്.രണ്ടാം മിനിട്ടിൽ ഗോളടി തുടങ്ങിയ ഹാലാൻഡ് 34, 45 മിനിട്ടുകളിലായി ഹാട്രിക് പൂർത്തിയാക്കി.
ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക് നേടുന്ന എട്ടാമത്തെ താരമാണ് എർലിംഗ് ഹാലാൻഡ്.
മത്സരഫലങ്ങൾ
നാപ്പോളി 2-ലിവർപൂൾ 0
ബാഴ്സലോണ 0-ബൊറൂഷ്യ 0
ലെയ്പ് സിഗ് 2-ബെൻഫിക്ക 1
വലൻസിയ 1-ചെൽസി 0
സാൽസ് ബർഗ് 6-ജെൻക് 2
അയാക്സ് 3-ലില്ലെ 0