തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് രൂപംകൊടുത്ത ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിന്റെ ഭാഗമായി എസ്.എ.ടി ആശുപത്രിയിൽ ഓട്ടോമേറ്റഡ് ബ്ലഡ് കൾച്ചർ സിസ്റ്റം ആരംഭിക്കും. രോഗിക്ക് നൽകേണ്ട ആന്റിബയോട്ടിക്ക് ഏതെന്ന് കൃത്യമായി കണ്ടെത്തുന്നതിനു മുന്നോടിയായി ഏതുതരം ബാക്ടീരിയയാണ് രോഗിയിൽ ഉള്ളതെന്ന് മനസിലാക്കാൻ ഉപയോഗിക്കുന്ന 'ബാക്ട് ടി' എന്ന ഉപകരണം ഇതിനായി എത്തിച്ചു . 18 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഉപകരണം വാങ്ങിയത്. രോഗമുണ്ടാക്കുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യവും ഏതുതരത്തിലുള്ള ബാക്ടീരിയയാണെന്നുള്ള കണ്ടെത്തലും ഓട്ടോമേറ്റഡ് ബ്ലഡ് കൾച്ചർ സിസ്റ്റം പ്രാവർത്തികമാകുന്നതോടെ എളുപ്പത്തിൽ കണ്ടെത്താനാകും. ബാക്ടീരിയയെ നശിപ്പിക്കാനുള്ള കൃത്യമായ ആന്റിബയോട്ടിക്ക് മാത്രം നൽകാനും ഇതിലൂടെ കഴിയും. മന്ത്രി കെ.കെ.ശൈലജയുടെ നിർദ്ദേശാനുസരണമാണ് എസ്.എ.ടിക്കു മാത്രമായി പുതിയ ഉപകരണം ലഭിച്ചതെന്ന് സൂപ്രണ്ട് ഡോ.എ.സന്തോഷ്‌കുമാർ പറഞ്ഞു.