തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപ ഒന്നാം സമ്മാനം അടങ്ങുന്ന തിരുവോണം ബമ്പർ 2019 ഭാഗ്യക്കുറി ഇന്ന് നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് ഗോർഖി ഭവനിലെ സ്ഥിരം വേദിയിൽ മന്ത്രി ജി.സുധാകരനാണ് ഒന്നാം സമ്മാനം നറുക്കെടുക്കുക. ജനപ്രതിനിധികൾ, അഭിഭാഷകർ, മാദ്ധ്യമപ്രവർത്തകർ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവർ തുടങ്ങിയവർ ഉൾപ്പെട്ട സമിതിയാണ് നറുക്കെടുപ്പ് നടത്തുന്നത്. ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സമ്മാനങ്ങളുടേയും നറുക്കെടുപ്പ് പൂർത്തിയാവും. മുന്നൂറ് രൂപ വിലയുള്ള ഓണം ബമ്പർ ടിക്കറ്റ് ജൂലായ് 18നാണ് വില്പന ആരംഭിച്ചത്. 46 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഏകദേശം മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. നറുക്കെടുപ്പ് കൗമുദി ടി.വിയിൽ തത്സമയം കാണാം.