maradu-flat

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതിയിന്മേൽ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ജോസഫ് എം. പുതുശ്ശേരി നൽകിയ പരാതിയിന്മേൽ കമ്മിഷൻ സ്വമേധയാ നടത്തിയ അന്വേഷണത്തിൽ ചട്ടലംഘനം നടന്നതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനെ തുടർന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മന്ത്രിക്ക് നോട്ടീസ് അയച്ചത്. ചട്ടലംഘനം മേലിൽ ആവർത്തിക്കരുതെന്ന് നോട്ടീസിൽ കർശനമായി നിർദ്ദേശിച്ചു.

പാലായിൽ മത്സ്യചന്ത ആരംഭിക്കുമെന്ന പ്രഖ്യാപനമാണ് ഈ മാസം 16ന് മന്ത്രി നടത്തിയത്. സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിൽ ഇപ്രകാരം വാഗ്ദാനം നൽകിയത് പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഇതിനെ ഗൗരവമായി കാണുന്നുവെന്നും നോട്ടീസിൽ വ്യക്തമാക്കി.

പുതുശ്ശേരിയുടെ പരാതി സംബന്ധിച്ച് കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടിയിരുന്നു. ഒരു ദൃശ്യമാദ്ധ്യമത്തോട് പ്രതികരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇതിന്റെ വീഡിയോ ക്ലിപ്പിംഗും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ റിപ്പോർട്ടും ഹാജരാക്കിയതായി മന്ത്രിക്കയച്ച നോട്ടീസിൽ ടിക്കാറാം മീണ ചൂണ്ടിക്കാട്ടി.