തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കർ കാർ അപകടത്തിൽ മരിച്ച കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനു തീരുമാനമെടുക്കാമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് ഉണ്ണി മുഖ്യമന്ത്റിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്റി റിപ്പോർട്ട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഡി.ജി.പി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം വിളിച്ച് അന്വേഷണത്തിന്റെ പുരോഗതി ആരാഞ്ഞു. അപകടത്തിൽ ദുരൂഹതയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്‌കറിന്റെ പിതാവ് പരാതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചില കാര്യങ്ങളിൽ മാത്രമാണ് വ്യക്തത വരാനുള്ളത്. അന്തിമ റിപ്പോർട്ട് ഉടൻ തയ്യാറാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ക്രൈംബ്രാഞ്ച് ഐ.ജിയും കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തത്. പൊതുസമൂഹത്തിൽ ചർച്ചയായ കേസായതിനാൽ സി.ബി.ഐ അന്വേഷണം വേണമോയെന്നു സർക്കാർ നിലപാടെടുക്കട്ടെ എന്ന അഭിപ്രായമാണ് ഡി.ജി.പിക്കുള്ളത്. വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്നാണ് ഫോറൻസിക് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ദുരൂഹതകളൊന്നും കണ്ടെത്താനായില്ല. അപകടം കാറിന്റെ അമിതവേഗം മൂലം സംഭവിച്ചതാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ ആശയക്കുഴപ്പമാണ് ദുരൂഹതയ്ക്ക് കാരണമായത്. അർജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്‌കറിനെ ഡ്രൈവിംഗ് സീറ്റിൽ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർ അജിയുടെ മൊഴി. ഫോറൻസിക് പരിശോധനാഫലം വന്നതോടെ ഈ ആശയക്കുഴപ്പം ഒഴിവായി.