അമിത് ഫംഗലും മനീഷ് കൗശിക്കും
സെമിയിലെത്തി
എകാതറിൻ ബർഗ് : റഷ്യയിൽ നടക്കുന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സെമിയിലെത്തിയ ഇന്ത്യൻ താരങ്ങളായ അമിത് ഫംഗലും (52 കി. ഗ്രാം) , മനീഷ് കൗശിക്കും (63 കി.ഗ്രാം) മെഡൽ ഉറപ്പാക്കി. സെമിയിൽ തോറ്റാലും ഇരുവർക്കും വെങ്കലം ലഭിക്കും.
ഏഷ്യൻ ഗെയിംസിലെയും ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെയും സ്വർണ മെഡൽ ജേതാവായ അമിത് ഫംഗൽ ക്വാർട്ടർ ഫൈനലിൽ ഫിലീപ്പിൻസിന്റെ കാർലോ പാലാമിനെ 4-1നാണ് ഇടിച്ചുവീഴ്ത്തിയത്. കോമൺ വെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ ജേതാവായ മനീഷ് 5-0ത്തിന് ബ്രസീലിന്റെ വാൻഡേഴ്സൺ ഡി ഒലിവേയ്‌യെ ഇടിച്ചിട്ട് സെമിയിലെത്തുകയായിരുന്നു.
അതേസമയം 91 കി.ഗ്രാം വിഭാഗത്തിൽ ഇന്ത്യ, താരം സഞ്ജീത് 1-4ന് ഇക്വഡേഗറിന്റെ യൂലിയോ കാസ്റ്റിലോ ടോറസിനോട് ക്വാർട്ടറിൽ തോറ്റ് പുറത്തായി.
സെമിഫൈനലിൽ കസാഖിസ്ഥാന്റെ സാകെൽ ബിബോസിനോവാണ് അമിതിന്റെ എതിരാളി. ക്വാർട്ടറിൽ അർമേനിയയുടെ ആർതർ ഹോവ്‌ന്നിസിയാനെയാണ് സാകെൻ കീഴടക്കിയത്. ക്യൂബൻ താരം ആൻഡി ഗോമസ് ക്രൂസാണ് മനീഷിന്റെ സെമിഫൈനൽ എതിരാളി.